കണ്ണൂര്‍: കള്ളവോട്ടിനെ ‘ജനാധിപത്യ വോട്ടായി’ ചിത്രീകരിക്കുന്നവരാണ് സി.പി.എം എന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റും യു.ഡി.എഫ് കണ്ണൂര്‍ ലോക്സഭാ സ്ഥാനാര്‍ത്ഥിയുമായ കെ. സുധാകരന്. ഈ തിരഞ്ഞെടുപ്പോടെ സി.പി.എമ്മിന്റെ കള്ളവോട്ട് എന്ന കാടത്തം അവസാനിപ്പിക്കണം.
ഇക്കാര്യത്തില്‍ യു.ഡി.എഫ് പിന്നോട്ടുപോകുന്ന പ്രശ്നമില്ലെന്ന് സുധാകരന് വ്യക്തമാക്കി. യു.ഡി.എഫിന്റെ ഭാഗത്ത് നിന്ന് ഒന്നോ രണ്ടോ കള്ളവോട്ടുകള്‍ ചെയ്തുകാണും. എന്നാല്‍ അതൊന്നും പാര്‍ട്ടികള്‍ കൊടുത്ത നിര്‍ദ്ദേശത്തിന്റെ ഭാഗമായി ചെയ്യുന്നതല്ല. സി.പി.എമ്മിന്റെ കള്ളവോട്ട് എന്ന് പറയുന്നത് പാര്‍ട്ടി കൊടുക്കുന്ന നിര്‍ദ്ദേശപ്രകാരമാണ് നടക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. സംഘടിതമാണ്.
എല്ലാ തിരഞ്ഞെടുപ്പിനും തലേന്ന് സി.പി.എമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസില്‍നിന്ന് ഒരു വാഹനം ലോക്കല്‍ കമ്മിറ്റി ഓഫീസുകളിലേക്ക് പോകാറുണ്ട്. തിരഞ്ഞെടുപ്പ് സാമഗ്രികളാണ് ഇതിലുണ്ടാവുക. അതിലൊന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കൈവിരലില്‍ പുരട്ടുന്ന മഷി മായ്ച്ച് കളയാനുള്ള രാസവസ്തുവായിരിക്കും. മറ്റൊന്ന് റിസള്‍ട്ട് ഷീറ്റാണ് (ബൂത്ത് എജന്റുമാര്‍ക്ക് എത്രപേര്‍ വോട്ട് ചെയ്തു എന്ന് മാര്‍ക്ക് ചെയ്യാനുള്ളത്). യു.ഡി.എഫും ബന്ധപ്പെട്ട കമ്മിറ്റികള്‍ക്ക് റിസള്‍ട്ട് ഷീറ്റുകള്‍ കൊടുക്കാറുണ്ട്. പക്ഷേ, ഞങ്ങളുടെ പട്ടികയില്‍ ഇല്ലാത്ത ഒരു കോളം സി.പി.എമ്മിന്റെ ലിസ്റ്റിലുണ്ട്. അത് ‘ജനാധിപത്യ വോട്ട്’ എന്ന് രേഖപ്പെടുത്താനാണ്. എഴുതുന്നത് ഇങ്ങനെയാണെങ്കിലും ഉദ്ദേശിക്കുന്നത് കള്ളവോട്ട് തന്നെയാണെന്നും സുധാകരന് വ്യക്തമാക്കി.