തൃശ്ശൂര്‍:വിവാദങ്ങള്‍ക്ക് വിടനല്‍കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാജന് ഇന്ന് പങ്കെടുക്കും. വൈകീട്ട് അഞ്ച് മണിക്ക് തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിലാണ് ഇപി ജയരാജന് പങ്കെടുക്കുക. കഴിഞ്ഞ മാസം 20ന് കാസര്‍കോട് നിന്ന് തുടങ്ങിയ ജാഥയില്‍ ഇപി പങ്കെടുക്കാത്തത് വിവാദമായിരുന്നു.
പരിപാടിയില്‍ പങ്കെടുക്കാനായി ഇ പി രാവിലെ തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് തിരിച്ചു. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ഇ.പി ജയരാജന് സിപിഎം സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥയില്‍ ഇതുവരെ ഒരിടത്തും പങ്കെടുത്തിരുന്നില്ല.
ജനകീയ പ്രതിരോധ യാത്ര ഇന്ന് തൃശ്ശൂര്‍ ജില്ലയിലേക്ക് പ്രവേശിക്കുകയാണ്. രാവിലെ 9 മണിക്ക് ചെറുതുരുത്തിയില്‍ എത്തുന്ന യാത്രക്ക് പന്ത്രണ്ട് ഇടത്ത് സ്വീകരണം നല്‍കും. വൈകീട്ട് അഞ്ച് മണിക്ക് തേക്കിന്‍കാട് മൈതാനത്താണ് പൊതുസമ്മേളനവും നടക്കുക


