കോല്‍ക്കത്ത: ഡല്‍ഹി കലാപത്തില്‍നിന്നു ശ്രദ്ധതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തു കൊറോണ പരിഭ്രാന്തി പടര്‍ത്തുകയാണെന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മാള്‍ഡ ജില്ലയിലെ ബുനൈദ്പൂരില് പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ആളുകള്‍ കൊറോണ, കൊറോണയെന്ന് ആക്രോശിക്കുന്നു. ഇതു ഭയപ്പെടുത്തുന്ന രോഗംതന്നെയാണ്. പക്ഷേ പരിഭ്രാന്തി സൃഷ്ടിക്കരുത്. ഡല്‍ഹി സംഭവത്തില്‍നിന്നു ശ്രദ്ധ തിരിക്കാന്‍ ചില ചാനലുകള്‍ കൊറോണയെന്നു പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ ഒരാള്‍ പോലും കൊറോണ ബാധിച്ചു മരിച്ചിട്ടില്ലെന്ന് ഓര്‍ക്കണമെന്നും മമത പറഞ്ഞു. ആരോഗ്യമുള്ള ആളുകളാണു ഡല്‍ഹിയില്‍ നിഷ്കരുണം കൊല്ലപ്പെട്ടത്. കലാപത്തില്‍ ശരിക്കും എത്രപേര്‍ കൊല്ലപ്പെട്ടെന്ന് ആര്‍ക്കുമറിയില്ല. കലാപവുമായി ബന്ധപ്പെട്ടു മാപ്പുപറയാന്‍ പോലും ബിജെപി തയാറായിട്ടില്ല. അവര്‍ ഇപ്പോഴും ഗോലി മാരോ എന്നു പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി.

