കൊച്ചി: ഇന്ധനവില വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ക്ക് യാതൊരു പരാതിയുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ബജറ്റിനെതിരായി വിമര്‍ശനങ്ങളും ചര്‍ച്ചകളുമൊക്കെ വരുന്നുണ്ട്. ആവശ്യമായ വിഷയങ്ങളില്‍ പാര്‍ട്ടി നിലപാട് സ്വീകരിക്കും. സര്‍ക്കാരിനെ തകര്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും നടത്തുന്ന കടന്നാക്രമണമാണിതെന്നും എം വി ഗോവിന്ദന് പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവിന് കാരണം കേന്ദ്രസര്‍ക്കാരിന്റെ നിലപാടാണ്. അതിനെപ്പറ്റി മാധ്യമങ്ങള്‍ക്ക് യാതൊരു പരാതിയുമില്ലെന്നും അതിന് പൂര്‍ണ പിന്തുണ കൊടുക്കുന്നുവെന്നും എം വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
എം വി ഗോവിന്ദന് പറഞ്ഞത്
എന്തെങ്കിലും പത്രത്തില്‍ എഴുതിയാല്‍ നിലപാട് സ്വീകരിക്കാനാവില്ല. എല്ലാ രീതിയിലും വര്‍ധനവ് കേന്ദ്ര സര്‍ക്കാരാണ് ഉണ്ടാക്കുന്നത്. അവരാണ് ഇന്ധനത്തിന് ടാക്സ് മുഴുവന്‍ കൂട്ടിയിരിക്കുന്നത്. അതെന്തുകൊണ്ട് മാധ്യമങ്ങള്‍ പറയുന്നില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ചോദിച്ചു. ഇന്ധനവില ആരാണ് കൂട്ടിയതെന്ന് ചോദ്യം ചോദിക്കുന്നവര്‍ മനസിലാക്കണം. സംസ്ഥാനം അതിലെ സെസിന്റെ കാര്യമാണ് പറയുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ടാക്സിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ധനവില വര്ധിച്ചുകൊണ്ടിരിക്കുന്നതെന്നും എം വി ഗോവിന്ദന് പറഞ്ഞു.


