കോഴിക്കോട്: പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോഴിക്കോടെത്തി. അസമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ രാഹുല്‍ അവിടെ നിന്നുമാണ് കോഴിക്കോട്ടേക്ക് വന്നത്. രാഹുലിനേയും പ്രിയങ്കയേയും സ്വീകരിക്കാന്‍ നൂറുകണക്കിന് ആളുകളാണ് വിമാനത്താവളത്തിന് മുന്പില് തടിച്ചു കൂടിയത്. രാഹുലും പ്രിയങ്കയും എത്തുന്ന സാഹചര്യത്തില്‍ കോഴിക്കോട് ഗസ്റ്റ് ഹൗസിന്റെ നിയന്ത്രണം എസ്പിജി ഏറ്റെടുത്തു.\

നാളെ രാവിലെ റോഡ് മാര്‍ഗ്ഗം രാഹുലും പ്രിയങ്കയും വയനാട്ടിലെത്തണമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം സുരക്ഷാ ഉദ്യോഗസ്ഥര്‍ തള്ളി. ചുരം കയറി പോകുന്ന റോഡില്‍ രാഹുലിന് സുരക്ഷയൊരുക്കുന്നത് പ്രായോഗികമല്ലെന്നാണ് വിശദീകരണം. ഇതോടെ യാത്ര ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാക്കിയിട്ടുണ്ട്. പതിനൊന്ന് മണിയോടെ കല്‍പ്പറ്റയിലെ എകെഎംജെ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറക്കാനാണ് തീരുമാനം. ഇതിന് വേണ്ടി മൈതാനം സജ്ജമാക്കുന്ന തിരക്കിലാണ് ജില്ലാ ഭരണകൂടവും സുരക്ഷാ ഉദ്യോഗസ്ഥരും. ജെസിബി ഉയോഗിച്ച് മൈതാനം നിരപ്പാക്കുന്ന പണികളെല്ലാം പുരോഗമിക്കുകയാണ്. ഇതിന് പുറമെ പുത്തൂര്‍ വയല്‍ എആര്‍ ക്യാമ്പ് ഗ്രൗണ്ടിലും ബത്തേരി സെന്റ്്മേരീസ് കോളേജ് ഗ്രൗണ്ടിലും കൂടി ഹെലികോപ്റ്റര്‍ ഇറക്കാനുള്ള സൗകര്യം ഒരുക്കാനും എസ്പിജി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


