തിരുവനന്തപുരം: സജി ചെറിയാന്റെ മന്ത്രിസഭ പുനപ്രവേശനം വൈകിയേക്കും. നിയമോപദേശം കിട്ടിയ സാഹചര്യത്തില്‍ ഗവര്‍ണര്‍ ഇന്ന് മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടും.. വിശദീകരണം തേടണമെന്ന നിയമോപദേശമാണ് ലീഗല്‍ അഡ്വയ്സര്‍ നല്‍കിയത്. ഹൈക്കോടതിയിലെ ഗവര്‍ണറുടെ സ്റ്റാന്‍ഡിങ്ങ് കൗണ്‍സിലിനോടാണ് ഉപദേശം തേടിയത്.
സജി ചെറിയാന്റെ മന്ത്രിസഭാ പ്രവേശനം ഒരു സാധാരണ വിഷയമല്ലെന്നും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സജി ചെറിയാന് രാജിവെച്ചത് ഭരണഘടനാ ലംഘനത്തിനും സത്യപ്രതിജ്ഞാ ലംഘനത്തിനുമാണ്. സാധാരണ ഗതിയില്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കണ്ടതാണ്. എന്നാല്‍ ഇത് അത്തരം ഒരു സാധാരണ സാഹചര്യമല്ല. അദ്ദേഹം പറഞ്ഞത് എന്ത് തന്നെയും ആവട്ടെ, അതാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചത്. അതില്‍ കഴമ്പുണ്ടെന്ന് കണ്ടാണ് മുഖ്യമന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ടത്. രാജിവെച്ച സാഹചര്യത്തില്‍ എന്ത് മാറ്റമാണുണ്ടായത് എന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ട്. അതിന് ശേഷമാവും തുടര്‍ നടപടികളെന്നും ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ കോടതി കുറ്റാരോപിതന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല. ഭരണഘടനാ തത്വങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്നും സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കേണ്ട ബാധ്യതയുണ്ടെന്നും ഗവര്‍ണര്‍ക്ക് ലഭിച്ച നിയമോപദേശത്തിലുണ്ട്.
നാലിന് സത്യപ്രതിജ്ഞ നടത്താന്‍ മുഖ്യമന്ത്രി സമയം ചോദിച്ചതോടെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. പുതിയ സാഹചര്യത്തില്‍ ഇത് നടക്കുമോയെന്ന കാര്യം അനിശ്ചിതത്വത്തിലായി.
സജി ചെറിയാന്റെ മന്ത്രിസഭാ പുനപ്രവേശനം നിയമപരമാണോ എന്ന് പരിശോധിക്കാനാണ് സ്റ്റാന്റിംഗ് കൗണ്‍സിലിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. മന്ത്രിമാരെ നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും തീരുമാനം മുഖ്യമന്ത്രി അറിയിച്ചാല്‍ അത് ചോദ്യം ചെയ്യാന്‍ ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നുമാണ് നിയമോപദേശം. ആവശ്യമെങ്കില്‍ ഗവര്‍ണര്‍ക്ക് സര്‍ക്കാരിനോട് കൂടുതല്‍ വ്യക്തത തേടാം.
സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിലാണ് സജി ചെറിയാന് മന്ത്രിസഭയിലേക്ക് തിരിച്ചുവരുന്നത് സംബന്ധിച്ച് തീരുമാനം എടുത്തത്. നിയമസഭാ സമ്മേളനത്തിന് മുന്‍പ് സത്യപ്രതിജ്ഞ നടത്താനാണ് ധാരണ. ഗവര്‍ണറുടെ സൗകര്യം നോക്കി തിയതി നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. സജി ചെറിയാന് കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സിനിമാ സാംസ്കാരികവകുപ്പുകള്‍ തന്നെ നല്‍കാനായിരുന്നു ധാരണ.