സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് ഇന്ന് കുമളിയില്‍ തുടക്കമാകും. രാവിലെ 9 മണിക്ക് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്നത്. ജില്ലയിലെ 14 ഏരിയാ കമ്മിറ്റികളില്‍ നിന്നായി 196 പേരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ നേതൃത്വവുമായി ഇടഞ്ഞു നില്ക്കുന്ന ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന് പങ്കെടുക്കുമോ എന്നതില്‍ ആകാംക്ഷയുണ്ട്. സമ്മേളനം പ്രധാനപ്പെട്ടതാണെന്നും പങ്കെടുക്കുമെന്നും എസ് രാജേന്ദ്രന് ഇന്നലെ പറഞ്ഞിരുന്നു. സമ്മേളനത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് അന്വേഷണ കമ്മിഷന് കണ്ടെത്തിയ രാജേന്ദ്രനെതിരെ വിമര്‍ശനങ്ങളുയരാനാണ് സാധ്യത.
മുന്‍ കാലങ്ങളിലേതുപോലെ വലിയ പ്രശ്നങ്ങളില്ലാതെ സമ്മേളനം മുന്നോട്ടു കൊണ്ടു പോകാനുള്ള ശ്രമത്തിലായിരുന്നു സിപിഐഎം. എന്നാല്‍ എസ് രാജേന്ദ്രന് വിഷയം അവസാന നിമിഷം കൂടുതല്‍ ശക്തമായി. വിമര്‍ശനങ്ങളും താക്കീതുകളും പലതവണയുണ്ടായിട്ടും എസ് രാജേന്ദ്രന് പാര്‍ട്ടയോട് ഇടഞ്ഞുതന്നെ നില്‍ക്കുകയാണ്.
ഇതിനിടെ, ഒരിക്കലും ഇളകാത്ത യുഡിഎഫ് കോട്ടകള്‍ പോലും തകര്‍ത്തുള്ള തദ്ദേശ തെരഞ്ഞെടുപ്പ് ജയം, ജില്ലയിലെ അഞ്ചില്‍ നാല് സീറ്റും നേടിയ നിയമസഭാ തെരഞ്ഞെടുപ്പ്, ഇതിനെല്ലാം മുന്നില്‍ നിന്നുനയിച്ച കെ കെ ജയചന്ദ്രന് ഒരിക്കല്‍ കൂടി അമരത്തേക്ക് വരുമെന്നാണ് സൂചന.


