പീഡനകേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥതയില്‍ നേരത്തെ തിരുവനന്തപുരം ജില്ലാ കോടതി എല്‍ദോസിന് ജാമ്യം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കേസിലെ ചോദ്യം ചെയ്യലും തെളിവെടുപ്പും അന്വേഷണ സംഘം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ എല്‍ദോസ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഒരു തവണ ക്രൂര ബലാല്‍സംഗം ചെയ്തിട്ടും സോമതീരത്ത് അടുത്ത നാല് പ്രാവശ്യം എന്തിന് പോയി എന്ന് കോടതി ചോദിച്ചു. ബലാത്സംഗം, പ്രണയം, പിന്നെയും ബലാത്സംഗം ഇതല്ലേ പ്രോസിക്യൂഷന് സ്റ്റോറി എന്നും കോടതി ചോദിച്ചിരുന്നു.
ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്നും കോടതി നിരീക്ഷിച്ചു. എല്‍ദോസിന് ജില്ലാ ജഡ്ജി ജാമ്യം നല്‍കിയതിന് മതിയായ കാരണങ്ങള്‍ ഉണ്ടല്ലോ എന്നും കോടതി പറഞ്ഞിരുന്നു. അതേസമയം ഉഭയകക്ഷി സമ്മത പ്രകാരമല്ലെ ലൈംഗിക ബന്ധം ഉണ്ടായതെന്നും എല്ലാം സിനിമ കഥപോലെയുണ്ടല്ലോ എന്നും കോടതി ചോദിച്ചിരുന്നു. എന്നാല്‍ ഉഭയകക്ഷി സമ്മതത്തോടെ എത്രതവണ ബന്ധപ്പെട്ടു എന്നതല്ല ഒരു തവണ നോ പറഞ്ഞാല്‍ ബലാത്സംഗം തന്നെയാണെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സാഹചര്യം കൂടി പരിശോധിക്കണം എന്നാണ് ഈ വാദത്തോട് കോടതി പ്രതികരിച്ചത്. കേസില്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയിലെ രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.