പൊതുമേഖല സ്ഥാപനങ്ങളിലെ പെന്ഷന് പ്രായം ഉയര്‍ത്താനുള്ള തീരുമാനം മരവിപ്പിച്ച് സര്‍ക്കാര്‍. പെന്ഷന് പ്രായം 60 ലേക്ക് ഉയര്‍ത്തുന്ന തീരുമാനമാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇതിന്മേലുള്ള തുടര്‍ നടപടികള്‍ തത്കാലത്തേക്ക് വേണ്ടെന്നാണ് മന്ത്രി സഭായോഗ തീരുമാനം. പെന്ഷന് പ്രായം ഉയര്‍ത്താനുള്ള തീരുമാനം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഡിവൈഎഫ്ഐ അടക്കം ഇടത് യുവജന സംഘടനകളും ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു.
റിയാബ് ചെയര്മാന് തലവനായ വിദഗ്ധസമിതിയുടെ ശുപാര്‍ശ അംഗീകരിച്ച് കൊണ്ടായിരുന്നു പൊതുമേഖലാ സ്ഥാപനങ്ങളുടെ പെന്ഷന് പ്രായം 60 ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. 56,58,60 എന്നിങ്ങനെ വ്യത്യസ്ത പെന്ഷന് പ്രായമായിരുന്നു വിവിധ സ്ഥാപനങ്ങളില്‍ ഉണ്ടായിരുന്നത്. കെഎസ്ആര്‍ടിസി, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി ഒഴികെ 122 സ്ഥാപനങ്ങളിലും ആറ് ധനകാര്യ കോര്‍പ്പറേഷനുകളിലുമാണ് പെന്ഷന് പ്രായം ഏകീകരിക്കാന്‍ തീരുമാനിച്ചിരുന്നത്. മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്ഷന് പ്രായം കൂട്ടണമെന്ന ആവശ്യമാണ് സര്‍വ്വീസ് സംഘടനകള്‍ ഉയര്‍ത്തിയിരുന്നത്.
എന്നാല്‍, പെന്ഷന് പ്രായം ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐ അടക്കമുള്ള യുവജന സംഘടനകള്‍ രംഗത്തെത്തുകയായിരുന്നു. പ്രതിപക്ഷ യുവജന സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുമ്പോള്‍ എഐവൈഎഫും പ്രത്യക്ഷ സമരം പ്രഖ്യാപിച്ചിരുന്നു. അഭ്യസ്ഥവിദ്യരായ പതിനായിരക്കണക്കിന് ചെറുപ്പക്കാരെ പ്രതിരോധത്തിലാക്കുന്ന നടപടിയാണ് പെന്ഷന് പ്രായം ഉയര്‍ത്തല്‍ എന്നാണ് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞത്. യൂത്ത് ലീഗ് അടക്കം പ്രതിപക്ഷ യുവജന സംഘടനകളും തീരുമാനത്തില്‍ പ്രതിഷേധമറിയിച്ചിരുന്നു.
പ്രതിപക്ഷത്തോടോ യുവജന സംഘടനകളോടെ ആലോചിക്കാതെ പെന്ഷന് പ്രായം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത് യുവാക്കളോടുള്ള വഞ്ചനയും ചതിയുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പ്രതികരിച്ചിരുന്നു.


