റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തിയതിനും, ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്തതിനും കേസ് എടുത്തിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു. ജോജു ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിഞ്ഞ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, അപമാര്യാദയായ പെരുമാറിയെന്ന മഹിളാ കോണ്‍ഗ്രസിന്റെ പരാതിയില്‍ പ്രാഥമിക അന്വേഷണത്തില്‍ തെളിവ് ഇല്ലെന്ന് കമ്മീഷണര്‍ അറിയിച്ചു. എന്നാല്‍ ജോജുവിനെതിരെയുള്ള പരാതിയില്‍ വിശദമായ അന്വേഷണം പുരോഗമിക്കുന്നും, പക്ഷേ നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ജോജുവിനെതിരെ കോടതിയെ സമീപിക്കുമെന്നു മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
ഇന്നലെ രാവിലെയാണ് ഇടപ്പള്ളി- വൈറ്റില ദേശീയ പാതയില്‍ ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴി തടയല്‍ സമരം നടത്തിയത്. എന്നാല്‍ ദേശീയ പാതയില്‍ രൂക്ഷമായ ഗതാഗത തടസം നേരിട്ടതോടെയാണ് നടന് ജോജു ജോര്‍ജിന്റെ പ്രവേശനം. കാറില്‍ നിന്നിറങ്ങിയ ജോജുവും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. കോണ്‍ഗ്രസിനെ നാണം കെടുത്താനുള്ള സമരമാണെന്നും ജനജീവിതം ബുദ്ധിമുട്ടിലാക്കരുതെന്നും ജോജു പറഞ്ഞു. തുടര്‍ന്ന് ജോജുവിന്റെ കാര്‍ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു.
തുടര്‍ന്ന് മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മണി ഉള്‍പ്പടെ 7 പേര്‍ക്കെതിരേയാണ് ജോജു ജോര്‍ജിന്റെ കാര്‍ തല്ലി പൊളിച്ചത്തിന് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത്. ജോജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിപട്ടിക തയ്യാറാക്കിയത്.


