ജോസ്. കെ. മാണി വിഭാഗം ബഹുജന പിന്തുണയുള്ള പാര്‍ട്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പാര്‍ട്ടി മുഖപത്രമായ ‘ദേശാഭിമാനി’യില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ ഈ പരാമര്‍ശം. കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര നേതൃത്വം യുഡിഎഫിന് ഇല്ലാതായതിന്റെ പ്രതിഫലനമാണ് ഈ സംഭവം. യുഡിഎഫില്‍ ബഹുജന പിന്തുണയുള്ള പാര്‍ട്ടികളിലൊന്നാണ് കേരള കോണ്‍ഗ്രസ്. കേരള കോണ്‍ഗ്രസ് ഇല്ലാത്ത യുഡിഎഫ് കൂടുതല്‍ ദുര്‍ബലമാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ ഉണ്ടായിരുന്ന എല്‍ജെഡി ഇപ്പോള്‍ എല്‍ഡിഎഫിലാണ് പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി ലേഖനത്തില്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയ രംഗത്ത് വരുന്ന ഇത്തരം മാറ്റങ്ങള്‍ എല്‍ഡിഎഫിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് (എം) നെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയത് തന്നെയെന്ന് ചെയര്മാന് ജോസ് കെ മാണി ഇന്നലെ വ്യക്തമാക്കിയിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്തില്‍ നിലപാടില്‍ മാറ്റമില്ലെന്നും ജോസ് കെ മാണി ആവര്‍ത്തിച്ചു. രാഷ്ട്രീയ തിരുത്തല്‍ വരുത്താതെ ചര്‍ച്ചയി ല്ലെന്നും ജില്ലാ പഞ്ചായത്തില്‍ കൂറ് മാറിയ വ്യക്തിക്ക് പ്രസിഡന്റ് പദവി നല്‍കണമെന്ന് പറയു ന്നത് യുക്തി ഇല്ലായ്മയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചാല്‍ ജോസ് വിഭാഗത്തിന് മടങ്ങിവരാമെന്നാണ് യുഡിഎഫിന്റെ സമ്പൂര്‍ണ്ണ യോഗത്തിന് ശേഷം രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. എന്നാല്‍ യുഡിഎഫിന്റേത് സാങ്കേതിക തിരുത്തല്‍ മാത്രമാണെന്നും രാഷ്ട്രീയ തിരുത്തല്‍ ഉണ്ടായില്ലെന്നും വ്യക്തമാക്കി രാജിവയ്ക്കില്ലെന്ന് ജോസ് കെ മാണി ആവര്‍ത്തിച്ചു.


