ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം. നിലവില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ഒരു സീറ്റൊഴികേ ബാക്കി 16-സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ സിപിഎം പിന്തുണയ്ക്കും. തെലങ്കാന മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ രേവന്ത് റെഡ്ഡിയുമായി സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനമെടുത്തത്. സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രത്തിന്റെ നേതൃത്വത്തിലുള്ള സിപിഎം നേതാക്കളുടെ സംഘം ശനിയാഴ്ചയാണ് രേവന്തുമായി കൂടിക്കാഴ്ച നടത്തിയത്.
സിപിഎം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ഭോംഗിര്‍ മണ്ഡലത്തില്‍ മത്സരത്തില്‍ നിന്ന് പിന്മാറണമെന്നും എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കണമെന്ന് രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടതായും തമ്മിനേനി വീരഭദ്രം പറഞ്ഞു. സിപിഎം ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറാണെന്നും വീരഭദ്രം കൂട്ടിച്ചേര്‍ത്തു. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം ഏപ്രില്‍ 29-ആണ്.