മലപ്പുറം: ഓഫീസ് ബോയ് സൂപ്പര്‍ പ്രസിഡന്റായതോടെ മലപ്പുറം ഡിസിസി ഓഫീസില്‍ തമ്മിലടി. തിങ്കളാഴ്ച പകല്‍ 12ഓടെയാണ് ഓഫീസ് ജീവനക്കാരനെ അനുകൂലിക്കുന്ന നേതാവും പ്രതികൂലിക്കുന്ന നേതാവും ഏറ്റുമുട്ടിയത്.
ഡിസിസി സെക്രട്ടറി സക്കീര്‍ പുല്ലാരയുടെ ഇടപെടലില്‍ അടുപ്പക്കാരന്‍കൂടിയായ ആളെ ഓഫീസ് ജീവനക്കാരനായി നിയമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ചുമതലയേറ്റ നാള് മുതല്‍ സക്കീര്‍ പുല്ലാരയുടെ വാക്കുകള്‍ മാത്രം അനുസരിച്ചിരുന്ന ഇയാള്‍ മറ്റുനേതാക്കളെ ഗൗനിക്കാതെയായി. ഡിസിസി പ്രസിഡന്റും മറ്റു നേതാക്കളും ഇവിടെയുണ്ടാകാറുണ്ടെങ്കിലും ഓഫീസ് ബോയ് സൂപ്പര്‍ പ്രസിഡന്റ് ചമയുന്നതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്. ഓഫീസ് ബോയിയുടെ ഇടപെടലിനെതിരെ ഡിസിസി ട്രഷറര്‍ വല്ലാഞ്ചിറ ഷൗക്കത്ത് പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഓഫീസ് ജീവനക്കാരനെ അനുകൂലിച്ച് സക്കീര്‍ പുല്ലാരയും നിലയുറപ്പിച്ചു. വാക്പോര് പിന്നീട് കൈയേറ്റത്തിലെത്തി.
മറ്റ് നേതാക്കളും ജീവനക്കാരും ചേര്‍ന്നാണ് ഇവരെ പിന്തിരിപ്പിച്ചത്. ഇരുവരും എ ഗ്രൂപ്പുകാരാണ്. ഇതേ ഗ്രൂപ്പില്‍പ്പെട്ട ഡിസിസി പ്രസിഡന്റ് വി വി പ്രകാശിനെ സക്കീര്‍ പുല്ലാരയും ഓഫീസ് ജീവനക്കാരനും ഹൈജാക്ക് ചെയ്യുന്നു എന്ന ആരോപണവുമായി ട്രഷറര്‍ രംഗത്തെത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍തന്നെ വ്യക്തമാക്കി.