തിരുവനന്തപുരം: പ്രാദേശിക പ്രശ്നങ്ങളുടെ പേരിലായാല്‍പോലും ഇടത് മുന്നണിയിലെ ആളുകള്‍ തമ്മിലുള്ള അപക്വമായ ചര്‍ച്ചകള്‍ മുന്നണിക്ക് ദോഷം ചെയ്യുമെന്ന് സി.പി.ഐ കണ്ട്രോള് കമ്മിഷന് ചെയര്മാന് പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. പൊന്നാനിയില്‍ സി.പി.ഐ പ്രാദേശിക നേതാക്കള്‍ക്കെതിരെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.വി.അന്‍വര്‍ ഉന്നയിച്ച ആക്ഷേപത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരാതിയില്‍ വലിയ കാര്യമില്ല. ഒരു മുന്നണിയാവുമ്പോള്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ സ്വാഭാവികമാണ്.

പ്രാദേശികമായ ചില പ്രശ്നങ്ങളാണത്. അതിനെ സംസ്ഥാന രാഷ്ട്രീയത്തിന്റെ ഭാഗമായൊന്നും കണക്കുകൂട്ടേണ്ട. അവിടെയുള്ള പ്രാദേശിക പ്രശ്നങ്ങള്‍ അതാത് സ്ഥലത്ത് സംസാരിച്ച് തീര്‍ക്കും. നമ്മള് അപക്വമായ ചര്‍ച്ചകളിലേക്ക് പോകുന്നത് നല്ലതല്ല. കേരളത്തില്‍ നിലവിലുള്ള ഇടതുപക്ഷ ഐക്യം ഏറ്റവും വലിയ ശക്തിയായി, പ്രകടനപരമായി വന്ന തിരഞ്ഞെടുപ്പാണിത്. ഇടതുപക്ഷ പാര്‍ട്ടികള്‍ ഒരു മനസോടെ പ്രവര്‍ത്തിച്ച തിരഞ്ഞെടുപ്പാണിത്. അതിന് വിഘ്നം ഉണ്ടാക്കരുത്. അവര്‍ പക്വത പാലിക്കണം. ആത്മസംയമനം പാലിക്കണം. അന്‍വര്‍ എന്തുകൊണ്ടാണ് അങ്ങിനെ പറഞ്ഞതറിയില്ല. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ പരിഹരിക്കും.
ലോക്സഭാ തിരഞ്ഞെടുപ്പെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിന് പകരം വിശ്വാസം ചര്‍ച്ച ചെയ്ത തിരഞ്ഞെടുപ്പാണിത്. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നത് ബോധപൂര്‍വം ഒഴിവാക്കി. ബി.ജെ.പിയാണ് ഇതിനുള്ള തന്ത്രം ആവിഷ്കരിച്ചത്. വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. കോണ്‍ഗ്രസും ഇക്കാര്യത്തില്‍ ബി.ജെ.പിയുടെ പരോക്ഷ സഹായത്തിനെത്തി. രണ്ടുപേര്‍ക്കും ഇടതുപക്ഷത്തെ തകര്‍ക്കുകയാണ് വേണ്ടത്. 59ലെ കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണി പോലെ ഒരു മുന്നണിയാണ് ഇവര്‍ കൊണ്ടുവരുന്നത്.
മതത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിച്ച ബ്രിട്ടീഷ് തന്ത്രം തന്നെയാണ് ഇവര്‍ പ്രയോഗിച്ചത്. ഹിന്ദുവിന്റെ പേര് പറഞ്ഞ് വോട്ട് പിടിക്കാന്‍ ശ്രമിച്ചു. അവര്‍ മതത്തിന്റെ പേര് പറഞ്ഞപ്പോള്‍ ഞങ്ങളത് ചെയ്തില്ല. ഞങ്ങള്‍ക്കൊരു ലക്ഷ്മണ രേഖയുണ്ട്. തിരഞ്ഞെടുപ്പ് വിജയമല്ല പ്രധാനം. കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷമാണ്. വര്‍ഗീയ ധ്രുവീകരണത്തിലൂടെ അത് തകര്‍ക്കാനാണ് അവര്‍ ശ്രമിച്ചത്. അതിനെ നേരിടും. പച്ചയായ മതം പറഞ്ഞാണ് ഇരുകൂട്ടരും വോട്ട് പിടിച്ചത്. ഞങ്ങളതിനെ എതിര്‍ത്തു. ആരാണ് ജയിച്ചതെന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അറിയാം.
കേരളത്തിലെ മത ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണ്. അവരെ അനുകൂലമാക്കാന്‍ കുടിലതന്ത്രമാണ് കോണ്‍ഗ്രസ് ആവിഷ്കരിച്ചത്. ബി.ജെ.പി വരുമെന്ന് പറഞ്ഞ് അവര്‍ ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാനാണ് ശ്രമിച്ചത്. ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും ഒരു കുടുംബത്തെപോലെ കഴിയുന്ന നാടാണിത്. ഇവിടെ വര്‍ഗീയത കൊണ്ടുവന്ന് സാമൂഹ്യ അന്തരീക്ഷം കലുഷിതമാക്കാനാണ് ശ്രമിച്ചത്. ഇതിനെതിരെ കേരളത്തിലെ ജനങ്ങള്‍ പ്രതികരിക്കും. ഈ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍.ഡി.എഫ് മാന്യമായ വിജയം നേടുമെന്ന് പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു.


