പാലക്കാട്: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റാലും ജയിച്ചാലും കോണ്‍ഗ്രസുമായുള്ള സഖ്യ തീരുമാനം ശരിയാണെന്ന് പിബി അംഗവും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായ എംവി ഗോവിന്ദന്. ത്രിപുരയില്‍ ഫലം വരുന്നതേയുള്ളൂ. പ്രധാന ശത്രു ബിജെപിയാണ്. അവിടെ കോണ്‍ഗ്രസ്-സിപിഐഎം സഖ്യം രാഷ്ട്രീയമായി ശരിയായ തീരുമാനമാണെന്നും എംവി ഗോവിന്ദന് പറഞ്ഞു. സിപിഐഎം ജനകീയ പ്രതിരോധ ജാഥയില്‍ പാലക്കാട് സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദന്.
ത്രിപുരയില്‍ ഫലപ്രദമായി ചേര്‍ന്ന് മുന്നോട്ട് പോകാനാണ് തീരുമാനം. ബിജെപി സര്‍ക്കാര്‍ അവിടെ സിപിഐഎമ്മിനും കോണ്‍ഗ്രസിനും ജനാധിപത്യം അനുവദിക്കുന്നില്ല. രാഷ്ട്രീയ ഐക്യമുന്നണിയൊന്നുമില്ല, പക്ഷെ സഖ്യം ശരിയാണ്’ എംവി ഗോവിന്ദന് പറഞ്ഞു.
കേരളത്തില്‍ കോണ്‍ഗ്രസ്-ബിജെപി സഹകരണം ഉണ്ടായെന്ന് മനസ്സിലായെന്ന് എംവി ഗോവിന്ദന് പ്രതികരിച്ചു. തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ പല സ്ഥലത്തും ബിജെപിക്ക് വോട്ട് കുറഞ്ഞത് യുഡിഎഫിന് ലഭിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ ബിജെപി കോണ്‍ഗ്രസിന് വോട്ട് മറിച്ചുവെന്നും എംവി ഗോവിന്ദന് ആരോപിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ ആര്‍എസ്പിയാണ് വിജയിച്ചത്.


