പ്രകോപിപ്പിച്ചാല്‍ പല യുഡിഎഫ് നേതാക്കളുടെയും തോന്നിവാസങ്ങള്‍ താന്‍ പുറത്തുപറയുമെന്ന് പിസി ജോര്‍ജ് എംഎല്‍എ. ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ച് കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് കെഎസ്യു പ്രവര്‍ത്തകര്‍ ഈരാറ്റുപേട്ടയില്‍ ജോര്‍ജിന്റെ കോലം കത്തിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു.
ഉമ്മന്‍ചാണ്ടിക്കെതിരെ പറഞ്ഞത് പിന്‍വലിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ‘ഞാന്‍ കളവു പറഞ്ഞിട്ടില്ല. സത്യമേ പറഞ്ഞിട്ടുള്ളൂ. ഈ വിഷയത്തില്‍ തുടര്‍ന്ന് പറയാന്‍ താല്പര്യമില്ല’ എന്നായിരുന്നു പ്രതികരണം. ജോര്‍ജിന് തന്നെക്കുറിച്ച് എന്തും പറയാമെന്നും അദ്ദേഹത്തോട് ഇഷ്ടമേ ഉള്ളുവെന്നുമായിരുന്നു ഇത് സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയുടെ ഞായറാഴ്ചത്തെ പ്രതികരണം. എന്നാല്‍ യൂത്തുകോണ്‍ഗ്രസും കെഎസ്യുവും പല സ്ഥലത്തും പ്രതിഷേധിച്ചു. സെക്രട്ടറിയറ്റിനുമുന്നില്‍ നിരാഹാരമിരിക്കുന്നവരെ ജോര്‍ജ് അണിയിച്ച ഷാളുകള്‍ കത്തിച്ചായിരുന്നു പ്രതിഷേധം.
യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ പിസി ജോര്‍ജിന്റെ ജനപക്ഷം നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പിസി ജോര്‍ജുമായി സഹകരിക്കുന്ന കാര്യത്തില്‍ യുഡിഎഫ് ഇതുവരെ കൃത്യമായ തീരുമാനം എടുത്തിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫ് തീരുമാനം എടുക്കാത്തതില്‍ പ്രതിഷേധിച്ച് പിസി ജോര്‍ജ് രംഗത്തെത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.