സി.പി.എം സംസ്ഥാന കമ്മറ്റി ഓഫീസായ എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബേറ് എന്‍.ഐ.എ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. നടന്നത് തീവ്രവാദ പ്രവര്‍ത്തനമാണെന്നും അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രത്തിന് കത്തെഴുതണമെന്നും വി.ടി ബല്‍റാം ഫെയ്സ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഫെയ്സ് ബുക്ക് കുറിപ്പ്:
”എകെ ഗോപാലന് സ്മാരകമുണ്ടാക്കാന്‍ സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച സ്ഥലത്ത് നിലനില്‍ക്കുന്ന പാര്‍ട്ടി ഓഫീസിന് നേരെയുണ്ടായ ബോംബാക്രമണം ഗൗരവമുള്ള ഒരു തീവ്രവാദ പ്രവര്‍ത്തനമാണ്. ഈ സംഭവം എന്‍ ഐ എ അന്വേഷിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രത്തിന് കത്തെഴുതണം”
എ.കെ.ജി സെന്ററിന് നേരെ ഇന്നലെ അര്‍ധരാത്രിയിലാണ് ബോംബേറുണ്ടായത്. കോണ്‍ഗ്രസാണ് ബോംബാക്രമണത്തിന് പിന്നിലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് ആരോപിച്ചു. സംസ്ഥാനത്തെ കലാപ ഭൂമിയാക്കി ക്രമസമാധാന നില തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കുറ്റപ്പെടുത്തി.
എ.കെ.ജി സെന്ററിന്റെ പ്രധാന കവാടത്തില്‍ പൊലീസ് കാവല്‍ നില്‍ക്കെയാണ് തൊട്ടടുത്ത ഗേറ്റിന് നേരെ ബോംബ് എറിഞ്ഞത്. ബൈക്കിലെത്തിയ ആളാണ് ബോംബെറിഞ്ഞത്. ഇതിന് മുന്‍പ് മറ്റൊരാള്‍ സ്കൂട്ടറില്‍ വന്ന് നിരീക്ഷിച്ചു തിരിച്ചു പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
ശബ്ദം കേട്ടാണ് നേതാക്കളടക്കമുള്ളവര്‍ ഓടിയെത്തിയത്. രാത്രി തന്നെ പൊലീസ് ഫോറന്‍സിക് പരിശോധനയടക്കം പൂര്‍ത്തീകരിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ആക്രമണ വിവരമറിഞ്ഞ് ഘടകകക്ഷി നേതാക്കളും മന്ത്രിമാരും എ.കെ.ജി സെന്ററില്‍ എത്തി. ഡി.വൈ.എഫ്. ഐ പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി.


