ത്രിപ്പൂണിത്തുറ: ചോറ്റാനിക്കരയില്‍ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ 20 കാരിയുടെ നില അതീവഗുരുതരാവസ്ഥയില്‍ തുടരുന്നു. സംഭവത്തില്‍, യുവതിയുടെ വീട്ടിലെത്തിയ തലയോലപ്പറമ്പ് സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
യുവതിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരേ ഗുരുതര വകുപ്പുകള്‍ ചുമത്തിയതായി ഡി.വൈ.എസ്.പി. വി.ടി. ഷാജന് മാധ്യമങ്ങളോട് പറഞ്ഞു. ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരേ ചുമത്തി. യുവതിക്ക് ദേഹോപദ്രവം ഏറ്റിറ്റുണ്ട്. ആരോഗ്യനിലയില്‍ ഒന്നും പറയാനായിട്ടില്ല.
ശനിയാഴ്ച രാത്രി 10.15-ഓടെയാണ് യുവാവ് യുവതിയെ ആക്രമിക്കുന്നത്. സുഹൃത്ത് യുവതിയുടെ വീട്ടിലേക്ക് വന്നിരുന്നു. പിന്നീട്, ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതായാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍, ഇരുവരും തമ്മില്‍ ഒരുവര്‍ഷമായി അടുപ്പത്തിലാണെന്നാണ് ഇയാള്‍ പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നത്. യുവതി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു എന്നും മരിച്ചെന്ന് കരുതിയാണ് സ്ഥലംവിട്ടതെന്നും യുവാവ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴിയില്‍ പറയുന്നു.
ഞായറാഴ്ച ഉച്ചയ്ക്കാണ് കഴുത്തില്‍ കയര്‍ മുറുകി, അര്‍ധനഗ്നയായ നിലയില്‍ 20-കാരിയായ യുവതിയെ കണ്ടെത്തിയത്. ദത്തുപുത്രി ആണ് ആക്രമത്തിനിരയായ യുവതി. സമീപത്ത് കൂടെ പോയ ബന്ധുവാണ് ഇവരെ അവശനിലയില്‍ കണ്ടെത്തുന്നത്. കൈയ്യിലെ മുറിവില്‍ ഉറുമ്പരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്.