വിഴിഞ്ഞം തുറമുഖ സമരത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന അതിക്രമത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സമരം റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരുന്ന മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചാനല്‍ കാമറകള്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിക്കുന്നതായി കെ.യു.ഡബ്ല്യു.ജെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പ്രതികരിച്ചു. അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ജില്ലാ പ്രസിഡന്റ് സാനു ജോര്‍ജ് തോമസും സെക്രട്ടറി അനുപമ ജി. നായരും ആവശ്യപ്പെട്ടു.
സമരക്കാരുടെ ആവശ്യങ്ങള്‍ ജനങ്ങളിലും ഭരണാധികാരികളിലും എത്തിക്കുന്നത് മാധ്യമങ്ങളാണ്. ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇന്ന് കരയിലും കടലിലും സമരം റിപ്പോര്‍ട്ട് ചെയ്തു മടങ്ങിവരുന്ന വഴിയാണ് മാധ്യമസംഘത്തെ ഒരു വിഭാഗം പുരോഹിതന്മാരുടെ നേതൃത്വത്തില്‍ ആക്രമിക്കാന്‍ തുനിഞ്ഞത്. സംഘര്‍ഷ ദൃശ്യങ്ങള്‍ ചിത്രീകരിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു അക്രമമെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
വൈദികര്‍ അടക്കം വനിതാ മാധ്യമപ്രവര്‍ത്തകരോട് അറപ്പുളവാക്കുന്ന ഭാഷയിലാണ് സംസാരിച്ചത്. ഇത്തരം അക്രമങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ഉച്ചവരെ ലൈവ് റിപ്പോര്‍ട്ടിങ് നടത്തിയ ചാനലുകാര്‍ക്ക് പിന്നീട് മടങ്ങിപ്പോരേണ്ട സാഹചര്യമാണുണ്ടായതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.