തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് എടുത്ത കള്ളക്കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) നേതൃത്വത്തിൽ മാധ്യമപ്രവർത്തകർ സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. പാളയം രക്തസാക്ഷിമണ്ഡപത്തിൽ നിന്നും ആരംഭിച്ച മാർച്ചിൽ നൂറ് കണക്കിന് മാധ്യമപ്രവർത്തകർ അണിനിരന്നു. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ധർണ ഉദ്ഘാടനം ചെയ്തു.
കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് എം. വി വിനീത അദ്ധ്യക്ഷയായി. ജനറൽ സെക്രട്ടറി ആർ കിരൺ ബാബു, ട്രഷറർ സുരേഷ് വെള്ളിമംഗലം, മുൻ സംസ്ഥാന പ്രസിഡന്റ് കെ പി റെജി, ജില്ലാ പ്രസിഡന്റ് സാനു ജോർജ് തോമസ്, സിഎംപി നേതാവ് സിപി ജോൺ, എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.ജയകുമാർ, മുതിർന്ന മാധ്യമപ്രവർത്തകരായ ജേക്കബ് ജോർജ്, എസ് ജയശങ്കർ, ജെ അജിത്കുമാർ,എസ് ബിജു എന്നിവർ സംസാരിച്ചു.
മറ്റാവശ്യങ്ങളിങ്ങനെ:
മാധ്യമ പ്രവർത്തകരുടെ സെക്രട്ടറിയറ്റ് പ്രവേശനം പുനഃസ്ഥാപിക്കുക എന്ന് ആവശ്യം ഉയർന്നുവന്നു. നിയമസഭാ ചോദ്യോത്തരവേള ചിത്രീകരിക്കാൻ പത്ര ദൃശ്യ മാധ്യമങ്ങൾക്ക് ഉണ്ടായിരുന്ന അനുമതി പുനഃസ്ഥാപിക്കണമെന്നും ബജറ്റിൽ പ്രഖ്യാപിച്ച ആയിരം രൂപ പെൻഷൻ വർധന പൂർണമായും നടപ്പാക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തക പെൻഷൻ സെക്ഷൻ പുനഃസ്ഥാപിക്കുക, കരാർ ജീവനക്കാരെയും ന്യൂസ് വീഡിയോ എഡിറ്റർമാരെയും പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയവയാണ് യൂണിയൻ ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ.


