ബെംഗളുരു : സ്കൂള്‍ കെട്ടിടത്തില്‍ നിന്നുവീണ് നാലുവയസുകാരി മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. പ്രിന്‍സിപ്പല്‍ കോട്ടയം സ്വദേശി തോമസ് ചെറിയാന്, കണ്ടാല്‍ അറിയുന്ന മറ്റൊരു ജീവനക്കാരന് എന്നിവരെ പ്രതിയാക്കിയാണ് പ്രാഥമിക അനേഷണം തുടങ്ങിയത്. മരണത്തില്‍ സ്കൂളിലെ ആയയ്ക്കു പങ്കുള്ളതായി സംശയിക്കുന്നുവെന്നും വിശദമായ അന്വേഷണം വേണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടതിന് പിറകെയാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഇന്നലെ രാത്രിയാണു കോട്ടയം മണിമല സ്വദേശി ജിറ്റോ ടോമി ജോസഫിന്റെ മകള്‍ ജിയന്ന ആന്‍ ജിറ്റോ ചികിത്സയില്‍ ഇരിക്കെ മരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് ജിയന്നയ്ക്കു ഗുരുതരമായി പരുക്കേല്‍ക്കുന്നത്. ഛര്‍ദ്ദിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്കൂളിലെത്തിയ മാതാപിതാക്കള്‍ക്കു ഗുരുതര പരുക്കേറ്റ കുട്ടിയെയാണ് കാണാനായത്. എങ്ങനെയാണ് പരുക്ക് പറ്റിയത് എന്ന് സ്കൂള്‍ അധികൃതര്‍ മറച്ചു. ഇതോടെ ചികിത്സ വൈകി. മൂന്ന് ആശുപത്രികള്‍ കയറി ഇറങ്ങിയ ശേഷമാണ് ഹെബ്ബാളിലെ സൂപ്പര്‍ സ്പെഷ്യലിറ്റി ആശുപത്രിയില്‍ എത്തുന്നതും ഉയരത്തില്‍ നിന്നുള്ള വീഴ്ചയില്‍ കുട്ടിയുടെ തല തകര്‍ന്നതായും കണ്ടെത്തുന്നത്. വൈകാതെ ബോധം നഷ്ടമായ ജിയാനായെ വെന്റിലേറ്ററിലേക്ക് മാറ്റി. അടുത്ത ദിവസം തന്നെ മാസ്തിഷ്ക മരണവും സംഭവിച്ചു. വീഴ്ചയെ കുറിച്ച് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നെകില് കൃത്യമായ ചികിത്സ നല്കാന് കഴിയുമായിരുന്നു. തുടക്കത്തില്‍ കൂടെയുണ്ടായിരുന്ന സ്കൂള്‍ പ്രിന്‍സിപ്പല്‍ കുട്ടി അബോധാവസ്ഥയിലായതോടെ മുങ്ങിതും സംശയം ഇരട്ടിച്ചു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. സ്കൂളിലെ ആയമാരില്‍ ഒരാള്‍ കുട്ടിയോടു മോശമായി പെരുമാറിയിരുന്നു. ഇവരും മാതാപിതാക്കളും തമ്മിലുള്ള പ്രശ്നത്തില്‍ കുട്ടിയോട് പകവീട്ടിയെന്ന സംശയവും മാതാപിതാക്കള്‍ ഉയര്‍ത്തുന്നുണ്ട്.
സ്കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രിന്‍സിപ്പല്‍ തോമസ് ചെറിയാന് നശിപ്പിച്ചതായും അച്ഛനമ്മമാര്‍ ആരോപിക്കുന്നു. എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തതിനു പിറകെ ഒളിവില്‍ പോയ പ്രിന്‍സിപ്പലിനായി പൊലീസ് തിരച്ചില്‍ തുടങ്ങി. ഇയാളെ കിട്ടിയാല്‍ മാത്രമേ കുട്ടി വീഴാന്‍ ഇടയായ സാഹചര്യം വ്യക്തമാകൂ. അതേസമയം, പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറിയ മൃതദേഹം അല്പസമയം ചെല്ലക്കര കല്യാണ്‍ നാഗറിലെ ഫ്ലാറ്റില്‍ പൊതു ദര്‍ശനത്തിന് വെച്ചു. തുടര്‍ന്നു ജന്മനാടായ കോട്ടയം മണിമലയിലേക്ക് കൊണ്ട്പോയി.


