തിരുവനന്തപുരം : സംസ്ഥാനത്ത് വാഹനങ്ങളുടെ നിയമലംഘനങ്ങള്‍ തടയാനെന്ന പേരില്‍ പൊലീസ് വ്യാപകമായി യാത്രക്കാരുടെ ഉള്‍പ്പെടെയുള്ളവരുടെ പടമെടുക്കുന്നതായി വിമര്‍ശനം. കഴിഞ്ഞ ദിവസം മലപ്പുറം കൊണ്ടോട്ടി സ്വദേശി റോഡരികില്‍ അല്പസമയം നിര്‍ത്തിയിട്ട കാറിന്റെ ഫോട്ടോ പൊലീസുകാര്‍ എടുത്തു എന്ന പരാതി ഉയര്‍ന്നിരുന്നു. ഫോട്ടോ എടുത്ത പൊലീസിനെതിരെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സംഘര്‍ഷാവസ്ഥ രൂപപ്പെടുകയായിരുന്നു. കാറില്‍ ഡ്രൈവര്‍ ഉണ്ടായിട്ടുപോലും അനാവശ്യമായി ഫോട്ടോ എടുത്ത പൊലീസിനോട് കാര്‍ യാത്രക്കാര്‍ പ്രതിഷേധം അറിയിച്ചു. ഒടുവില്‍ പൊലീസുകാര്‍ പിഴ ഈടാക്കാന്‍ ഫോട്ടോ അപ്ലോഡ് ചെയ്യില്ലെന്ന് പ്രതിഷേധിച്ചവര്‍ക്ക് ഉറപ്പു നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ പൊലീസുകാര്‍ക്ക് എതിരെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മുസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും പൊലീസിന്റെ ഫോട്ടോ എടുക്കലിന് എതിരെ രംഗത്തുവന്നിട്ടുണ്ട്. മുസ്ലിം ലീഗ് മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ പി അബ്ദുല്‍ ഹമീദ് വിഷയത്തില്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കിയിരിക്കുകയാണ്. പൊലീസിന്റെ ഫോട്ടോയെടുപ്പ് വ്യക്തികളുടെ സ്വകാര്യതാ ലംഘനത്തിലേക്ക് കടക്കുന്ന തരത്തിലേക്ക് എത്തിയിട്ടുണ്ടെന്ന് പി അബ്ദുല്‍ ഹമീദ് എംഎല്‍എ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന വ്യാപകമായി ഇത്തരം ചിത്രങ്ങള്‍ എടുക്കുന്ന പ്രവര്‍ത്തി പൊലീസ് തുടര്‍ന്നു വരുന്നതായാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. അനധികൃത പാര്‍ക്കിങ്ങിന്റെയും ഹെല്‍മെറ്റിന്റെയും പേരിലാണ് പൊലീസും മോട്ടോര്‍ വാഹനവകുപ്പും നടപടികള്‍ കൈക്കൊള്ളുന്നത്. മൊബൈല്‍ ഫോണുകളില്‍ വ്യാപകമായി ഫോട്ടോയെടുത്ത് പിഴ ഈടാക്കുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പൊതുനിരത്തുകളില്‍ മോട്ടോര്‍ വാഹന വകുപ്പും പൊലീസും കാമറകള്‍ സ്ഥാപിക്കുകയാണ്. റോഡരികുകളില്‍ തുടര്‍ച്ചയായ വാഹന പരിശോധനകളും നടക്കുന്നുണ്ട്. അതിനൊക്കെ പുറമെ ഇത്തരം നടപടികള്‍ തീര്‍ത്തും അനാവശ്യമാണെന്നാണ് ഉയരുന്ന വാദം.
പൊലീസിന്റെ ഇത്തരം നടപടികള്‍ പൊതുജനങ്ങളില്‍നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും കടുത്ത പ്രതിഷേധത്തിന് കാരണമാവുന്നുണ്ടെന്നും മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നു. കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ അല്പസമയം റോഡില്‍ ഒതുക്കിനിര്‍ത്തുന്ന വാഹനങ്ങളാണ് ഈ പൊലീസ് നടപടിയില്‍ കൂടുതല്‍ ഇരയാകുന്നത്. പൊലീസ് ഇത്തരത്തിലുള്ള വാഹനങ്ങളുടെ ഫോട്ടോകള്‍ എടുത്ത് പിഴ ഈടാക്കുന്നതായി ആക്ഷേപമുണ്ട്. തിരക്കുള്ള ജങ്ഷനുകളിലും റോഡുകളിലും ട്രാഫിക് നിയന്ത്രിക്കാന്‍ നിര്‍ത്തുന്ന ഹോം ഗാര്‍ഡുകളെ പൊലീസ് ഫോട്ടോ എടുക്കലിന് ഉപയോഗിക്കുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് ഇത്തരത്തില്‍ പിഴ ഈടാക്കുന്നുണ്ടെന്നും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിക്കുന്നു.