കോഴിക്കോട്: സരോവരം പാര്‍ക്കില്‍ ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി നല്കി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനത്തിന് ശ്രമിക്കുകയും ചെയ്തെന്ന കേസില്‍ നടുവണ്ണൂര്‍ കുറ്റിക്കണ്ടിയില്‍ മുഹമ്മദ് ജാസിമിനെ കോടതി വെറുതെ വിട്ടു. പ്രതിക്കെതിരായ കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പെഷ്യല്‍ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജി കെ പ്രിയയുടെ വിധി.
കോഴിക്കോട് ഒരു പരീക്ഷാ പരിശീലനകേന്ദ്രത്തിലെ 19 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ സഹപാഠിയായ ജാസിം പീഡിപ്പിച്ചെന്നാണ് കേസ്. 2019 ജൂലൈ 25ന് സരോവരം ബയോപാര്‍ക്കിലെത്തിച്ച് ലഹരിമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്കി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും സ്വര്‍ണ്ണവും പണവും തട്ടുകയും ചെയ്തെന്നാണ് കേസ്.
ക്രിസ്തുമത വിശ്വാസിയായ പെണ്‍കുട്ടിയെ തന്റെ മതത്തിലേക്ക് മാറണമെന്ന് ജാസിം നിര്‍ബന്ധിച്ചെന്ന് പ്രോസിക്യൂഷന് ആരോപിച്ചു. നടക്കാവ് പൊലീസാണ് ആദ്യം കേസെടുത്തത്. പിന്നീട് മെഡിക്കല്‍ കോളേജ് പൊലീസിന് കൈമാറുകയായിരുന്നു. മെഡിക്കല്‍ കോളേജ് സിഐ ആയിരുന്ന മൂസ വള്ളിക്കോടനാണ് തുടക്കത്തില്‍ കേസ് അന്വേഷിച്ചത്. പിന്നീട് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് പുനരന്വേഷണം നടത്തുകയായിരുന്നു.
24 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. പ്രതിയും പെണ്‍കുട്ടിയും വൈകാരികമായി അടുപ്പം പുലര്‍ത്തിയിരുന്ന കമിതാക്കളായിരുന്നുവെന്നും ബലാത്സംഗം നടന്നിട്ടില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. പ്രണയത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം നിര്‍ബന്ധിത മതപരിവര്‍ത്തനമായി മാറ്റാന്‍ ശ്രമിക്കുകയാണെന്നും അഭിഭാഷകന് ഷഹീര്‍ സിങ് വാദിച്ചു. സരോവരത്ത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ അവിടെയുള്ള മുറി തുറന്നുകൊടുത്തു എന്ന് പറയുന്ന രണ്ടാം പ്രതി അലി അക്ബര്‍ എന്ന കെപി ഹാരിസ് അവിടെയുള്ള ജീവനക്കാരനാണെന്ന് തെളിയാക്കാനും പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. മതപരിവര്‍ത്തനമുള്‍പ്പെടെയുള്ള പരാതികള്‍ വന്നതോടെ കേസ് ദേശീയാടിസ്ഥാനത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. ദേശീയ സുരക്ഷാ ഏജന്‍സിയും കേസില്‍ വിവരം ശേഖരിച്ചിരുന്നു. അറസ്റ്റിലായി 90 ദിവസത്തിന് ശേഷമാണ് മുഹമ്മദ് ജാസിമിന് ജാമ്യം ലഭിച്ചത്.


