കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന യുവതിയുടെ പരാതിയില്‍ ഓണ്‍ലൈന്‍ വാര്‍ത്താ ചാനലിലെ അവതാരകരെ പോലീസ് അറസ്റ്റ് ചെയ്തു. മറുനാടന്‍ മലയാളി ചാനലിലെ അവതാരകന് സുദര്‍ശ് നമ്പൂതിരി, സീനിയര്‍ സബ് എഡിറ്റര്‍ സുമേഷ് മാര്‍ക്കോപോളോ എന്നിവരെയാണ് തിരുവനന്തപുരം പോലീസ് അറസ്റ്റ് ചെയ്ത് കൊച്ചി പോലീസിനു കൈമാറിയത്.
ബുധനാഴ്ച രാവിലെ ചാനലിന്റെ തിരുവനന്തപുരം പട്ടത്തെ ഓഫീസില്‍നിന്നാണ് സുദര്‍ശ് നമ്പൂതിരിയെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഹരിപ്പാട്ടുനിന്നാണ് ഹരിപ്പാട് പോലീസ് സുമേഷ് മാര്‍ക്കോപോളോയെ പിടികൂടിയത്. ഇരുവരെയും കേസ് അന്വേഷിക്കുന്ന കൊച്ചി സിറ്റി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിയെ അപമാനിച്ചും ഭീഷണിപ്പെടുത്തിയും വാര്‍ത്ത ചെയ്തുവെന്നാണ് പരാതി. ഇരയുടെ ചിത്രവും പേരും വെളിപ്പെടുത്തിയതായി പോലീസ് വ്യക്തമാക്കി. യുവതിയുടെ മൊഴി പ്രകാരമാണ് പോലീസ് കേസെടുത്തത്. 2022-ലാണ് സംഭവം.
ക്രൈം നന്ദകുമാറിനെതിരേ പരാതി നല്കിയ യുവതിക്കെതിരേയായിരുന്നു വാര്‍ത്ത. ഒരു പ്രമുഖ വനിതാ നേതാവിനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ നിര്‍മിക്കാന്‍ നിര്‍ബന്ധിച്ചതായും ഇതിന് സമ്മതിക്കാത്തതിന് മോശമായി പെരുമാറിയെന്നുമുള്ള യുവതിയുടെ പരാതിയില്‍ നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് യുവതിക്കെതിരേ ഓണ്‍ലൈന്‍ ചാനല്‍ വാര്‍ത്ത നല്‍കിയെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ കൊച്ചി ഇന്‍ഫോപാര്‍ക്ക് പോലീസാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. ലൈംഗികാധിക്ഷേപം, പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഐ.ടി. ആക്ട് പ്രകാരം സ്വകാര്യതയെ സംരക്ഷിക്കുന്ന വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സുദര്‍ശ് നമ്പൂതിരി കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും തള്ളിയിരുന്നു.


