കൊല്ലം: കുണ്ടറ പീഡന പരാതിയില്‍ 22 ദിവസമായിട്ടും കേസെടുക്കാന്‍ വൈകിയതില്‍ റിപ്പോര്‍ട്ട് തേടി ഡിജിപി അനില്‍കാന്ത്. ഐജി ഹര്‍ഷിത അട്ടല്ലൂരിയോടാണ് ഡിജിപി റിപ്പോര്‍ട്ട് തേടിയത്. പരാതി ലഭിച്ച് ഇത്രയും ദിവസമായിട്ടും കേസെടുക്കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും.
പരാതിക്കാരിയും പിതാവും ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിനെതിരെ ആരോപണമുയര്‍ത്തിയിരുന്നു. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി നടപടി എടുക്കണമെന്നാണ് ഡിജിപി നിര്‍ദേശം. അതേസമയം വിഷയം വിവാദമായതോടെ രണ്ട് പേര്‍ക്കെതിരെ കുണ്ടറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്‍സിപി നേതാവ് ജി പത്മാകരന്, രാജീവ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
പത്മാകരനെതിരെ സ്ത്രീപീഡനം അടക്കമുള്ള വകുപ്പുകളും രാജീവിനെതിരെ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ്. ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. കേസില്‍ പൊലീസിൻ്റെ ഭാഗത്ത് വീഴ്ച പറ്റിയെന്ന് തോമസ് കെ തോമസ് എംഎല്‍എയും പ്രതികരിച്ചു.
അതേസമയം, പാര്‍ട്ടി പ്രശ്നമാണെന്ന് കരുതിയാണ് ഇടപെട്ടതെന്നും പീഡന പരാതിയാണെന്ന് അറിഞ്ഞപ്പോള്‍ ഫോണ്‍ വയ്ക്കുകയായിരുന്നുവെന്നുമാണ് മന്ത്രി എ കെ ശശീന്ദ്രൻ്റെ വിശദീകരണം. ഒരു തവണ മാത്രമാണ് പരാതിക്കാരിയുടെ പിതാവിനെ വിളിച്ചത്. പിന്നീട് ഒരിക്കലും വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.


