കൊച്ചി : പട്ടാപ്പകല്‍ 59കാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തില്‍ നടുക്കുന്ന വിവരങ്ങളുമായി പോലീസ്. ഇവരുടെ സ്വകാര്യ ഭാഗങ്ങളിലടക്കം ഗുരുതര പരിക്കുകള്‍ ഏറ്റിട്ടുണ്ടെന്നും പ്രതിയായ അന്യസംസ്ഥാന തൊഴിലാളിയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പിടികൂടിയതെന്നും അധികൃതര്‍ വ്യക്തമാക്കി.
ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് റെയില്‍വേ സ്റ്റേഷനില്‍ താല്‍ക്കാലിക ജോലിക്കാരിയായ സ്ത്രീയെ അസം സ്വദേശിയായ ഫിര്‍ദൗസ് ക്രൂരമായി ബലാത്സംഗം ചെയ്തത്.
കമ്മട്ടിപ്പാടം റെയില്‍വേ ട്രാക്കിന് സമീപം കൈതകള്‍ നിറഞ്ഞ് നില്ക്കുന്ന ഭാഗത്ത് നിന്നും കരച്ചില് ശബ്ദം കേട്ടാണ് പ്രദേശവാസികള്‍ ഇവിടെ പരിശോധന നടത്തിയത്. പരിശോധനയില്‍ ഗുരുതരമായി പരിക്കേറ്റ് അവശനിലയില്‍ ഒരു സ്ത്രീയെ ട്രാക്കിന് സമീപം കണ്ടെത്തി.
ഉടൻ തന്നെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സ്ത്രീ അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് സൂചന. ആലപ്പുഴ സ്വദേശിയായ സ്ത്രീയാണ് ബലാത്സംഗത്തിന് ഇരയായത്.
സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചാണ് പ്രതിയിലേക്ക് പോലീസ് എത്തിയത്. കൃത്യം നടത്തിയ ശേഷം കമ്മട്ടിപ്പാടം റെയില്‍വേ ട്രാക്കിന് സമീപത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും പ്രതി സമ്മതിച്ചു.
നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് സമീപത്ത് വെച്ച് പരിചയപ്പെട്ട പ്രതി ആലുവയിലേക്ക് പോകുകയായിരുന്ന സ്ത്രീയെ സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്ത് ഇറക്കാമെന്ന പറഞ്ഞ് ഓട്ടോയില്‍ കയറ്റുകയായിരുന്നു. വണ്ടിയില്‍ നിന്നും ഇറക്കാതെ പ്രതി സ്ത്രീയെ റെയില്‍വേ സ്റ്റേഷന് സമീപത്തെ കൈതക്കൂട്ടത്തിന് സമീപത്തെത്തിച്ച് മൂന്ന് മണിക്കൂറോളം പീഡിപ്പിക്കുകയായിരുന്നു.


