തലശ്ശേരി : കണ്ണൂരിലെ മധ്യവയസ്കനെ തലശ്ശേരിയില്‍ വിളിച്ചുവരുത്തി പണവും കാറും കവര്‍ന്ന സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. തലശ്ശേരി റെയില്വേസ്റ്റേഷന് പരിസരം നടമ്മല്‍ ഹൗസില്‍ സി.ജിതിന് (25), ജിതിന്റെ ഭാര്യ മുഴപ്പിലങ്ങാട് യൂത്തിന് സമീപം ശ്രീലക്ഷ്മിയില്‍ വി.അശ്വതി (19), കതിരൂര്‍ വേറ്റുമ്മല്‍ കേളോത്ത് വീട്ടില്‍ കെ.സുബൈര്‍ (33), മൊകേരി മുത്താറിപ്പീടിക കണ്ണച്ചാംകണ്ടി വീട്ടില്‍ കെ.ഷഫ്നാസ് (29) എന്നിവരെയാണ് തലശ്ശേരി പോലീസ് ഇന്‍സ്പെക്ടര്‍ എം.അനില്‍ അറസ്റ്റുചെയ്തത്.
കണ്ണൂര്‍ ചിറക്കലിലെ മോഹന്‍ദാസ് നല്കിയ പരാതിയിലാണ് അറസ്റ്റ്. യുവതിക്ക് മോഹന്‍ദാസിനെ അമ്മ മുഖേന അറിയാം. മുന്‍പരിചയത്തില്‍ ഓട്ടോറിക്ഷയ്ക്ക് കൊടുക്കാന്‍ പണമില്ലെന്ന് പറഞ്ഞ് മോഹന്‍ദാസിനെ തലശ്ശേരിയിലേക്ക് വിളിച്ചു വരുത്തി.
മോഹന്‍ദാസ് കാര്‍ തലശ്ശേരി ബി.ഇ.എം.പി. സ്കൂള്‍ പരിസരത്ത് നിര്‍ത്തി യുവതിയുള്ളിടത്ത് പോയി. ഓട്ടോവിന് പണം നല്കി തിരിച്ചുപോകാന്‍ ശ്രമിക്കുമ്പോള്‍ യുവതിയുടെ ഭര്‍ത്താവും ഒന്നിച്ചുള്ളവരും ബലമായി ഓട്ടോയില്‍ കയറ്റി. അതിനുശേഷം മോഹന്‍ദാസിന്റെ കാറെടുത്ത് മോഹന്‍ദാസിനെ കയറ്റി തലശ്ശേരിയില്‍നിന്ന് കാടാച്ചിറ, മമ്പറം എന്നിവിടങ്ങളില്‍ പോയി.
മോഹന്‍ദാസിനെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തി 6000 രൂപയും കാറും തട്ടിയെടുത്തെന്നാണ് പരാതി. കാര്‍ തിരിച്ചുനല്‍കാന്‍ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു. മോഹന്‍ദാസ് തലശ്ശേരി പോലീസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് നാലംഗസംഘത്തെ കോടിയേരി ഇടയില്‍പ്പീടികയ്ക്ക് സമീപത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഒരു യുവതി കൂടി സംഘത്തിലുണ്ടായിരുന്നു. ഇവരെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.