തൃശ്ശൂര്‍: തൃശ്ശൂര്‍ പുതുക്കാട് ചൂതാട്ട സംഘത്തില്‍ നിന്നും പൊലീസെന്ന വ്യാജേനയെത്തി 10 ലക്ഷത്തോളം രൂപ തട്ടിയ സംഘത്തെ പിടികൂടി. പൂങ്കുന്നത്ത് വാടകയ്ക്കു താമസിക്കുന്ന പൊന്നാനി പേരൂര്‍ സ്വദേശി കണ്ടശാംകടവ് വീട്ടില്‍ പ്രദീപ്, ചെറുതുരുത്തി ആറ്റൂര്‍ ഓട്ടുപുരയ്ക്കല്‍ വീട്ടില്‍ സുബൈര്‍, കല്ലൂര്‍ ആലങ്കോട് സ്വദേശി കണിയാംപറമ്പില്‍ സനീഷ് നാരായണന് എന്നിവരാണ് പിടിയിലായത്. പ്രതികള്‍ എല്ലാവരും ബസ് ഡ്രൈവര്‍മാരാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഏഴാം തിയതി പുതുക്കാട് ആലങ്കാട്ട് വെച്ചാണ് ചൂതാട്ടം കഴിഞ്ഞ് വരികയായിരുന്ന സംഘത്തിന്റെ വാഹനം കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി പണം തട്ടിയത്. പണം കൈക്കലാക്കിയതിന് ശേഷം സ്റ്റേഷനിലേക്ക് വരാന്‍ സംഘം നിര്‍ദേശിക്കുകയായിരുന്നു. എന്നിട്ട് കാറില്‍ കടന്നുകളഞ്ഞു. പൊലീസുകാരെന്ന് പറഞ്ഞെത്തിയവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ചൂതാട്ടസംഘം പുതുക്കാട് പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ചു. അപ്പോഴാണ് തട്ടിപ്പു സംഘമാണ് പണവുമായി പോയതെന്ന് മനസിലായത്. വിവരമറിഞ്ഞതോടെ പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. ഡിവൈഎസ്പി സിആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. തൃശ്ശൂരിലെത്തിയ തട്ടിപ്പ് സംഘം തട്ടിയെടുത്ത തുക മൂന്നായി വീതം വെച്ച ശേഷം മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിച്ച് ഊട്ടിയിലേക്ക് കടന്നു. പുഴയ്ക്കലില്‍ നിന്ന് ഇവരുടെ ഫോണുകള്‍ കണ്ടെത്തി. ഊട്ടിയില്‍ നിന്ന് തിരികെ നാട്ടിലെത്തി ഗോവയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.


