രാപകലില്ലാതെ കൂട്ടമായെത്തി മദ്യപിക്കും, മദ്യകുപ്പികള്‍ എറിഞ്ഞു പൊട്ടിച്ച ശേഷം തെറിയഭിഷേകവുമായി വീണിടത്ത് ലഹരി വിടും വരെ കിടന്നുറങ്ങും.
മൂവാറ്റുപുഴ : സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയ മൂവാറ്റുപുഴ നഗരസഭയുടെ പേ വാര്‍ഡ് ഷോപ്പിംഗ് കോംപ്ലക്സിൽ കടകൾ തുറക്കാൻ പോലും കഴിയാതെ പൊറുതി മുട്ടി വ്യാപാരികൾ .
രാപകലില്ലാതെ കൂട്ടമായെത്തി മദ്യപിക്കും, മദ്യകുപ്പികള്‍ എറിഞ്ഞു പൊട്ടിച്ച ശേഷം തെറിയഭിഷേകവുമായി വീണിടത്ത് ലഹരി വിടും വരെ കിടന്നുറങ്ങും. ഇങ്ങനെ ബോധമറ്റ് കിടക്കുന്നവർ പലപ്പോഴും അർദ്ധ നഗ്നമായി വീണ് കിടന്നുറങ്ങുന്നത് ഇവിടെ പതിവ് കാഴ്ചയാണ്. ഇത് സംമ്പന്ധിച്ച് നിരവധി പരാതി ഉന്നയിച്ചിട്ടും നഗരസഭ വേണ്ട നടപടി സ്വീകരിച്ചിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
പേ വാര്‍ഡ് ഷോപ്പിംഗ് കോംപ്ലക്സിലെ മുകളിലത്തെ നിലയില്‍ നിന്നും ശുചിമുറി മാലിന്യം പൊട്ടിഒലിച്ച് ഒഴുകാൻ തുടങ്ങിയിട്ട് വർഷങ്ങളായിരുന്നു. ഏറെ ഒച്ചപ്പാടുകൾക്ക് ശേഷം അടുത്തിടെയാണ് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അജി മുണ്ടാടന്റെ നേത്യത്വത്തിൽ പ്രശ്നത്തിന് പരിഹാരമൊരുക്കിയത്.
ഇവിടുത്തെ സ്ഥാപന ഉടമകൾക്കും ജീവനക്കാർക്കും ഇവിടെ ശുചി മുറി സൗകര്യമില്ല, ഉള്ളതിലാവട്ടെ വെള്ളവുമില്ലാത്ത സ്ഥിതിയിലാണ് കാര്യങ്ങൾ. അതിനിടെയാണ് മദ്ധ്യപാനികളും സാമൂഹ്യ വിരുദ്ധരും ചേർന്ന് ആക്കറി സാധനങ്ങളടക്കം ശേഖരിച്ച് ഇവിടെ വഴി നടക്കാൻ പോലും കഴിയാത്ത സാഹചര്യം ഒരുക്കിയിരിക്കുന്നത്. ഇവരെ ഭയന്ന് സ്ത്രീകളടക്കം ഇവിടെ ജോലി ഉപേക്ഷിച് പോകുന്ന അവസ്ഥയാണ്.
കോംപ്ലക്സും പരിസരവും വൃത്തിയാക്കി ഇവിടെ സുരക്ഷാ ജീവനക്കാരനേയും നിയമിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.


