തിരുവനന്തപുരം.കസ്റ്റഡി മര്‍ദനത്തിനെതിരെ സംസ്ഥാനത്ത് പ്രധാന പോലീസ് സ്റ്റേഷനുകള്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസ്സ് പ്രതിഷേധം. കുന്നംകുളത്ത് ജനകീയ പ്രതിഷേധ സദസ്സ് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. കസ്റ്റഡി മര്‍ദനം നിയമസഭയില്‍ കൊണ്ടുവരുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. മര്‍ദന ദൃശ്യങ്ങള്‍ കാണാത്തയാള് മുഖ്യമന്ത്രി മാത്രമാണെന്ന് കെ പി സി സി പ്രസിഡന്റ് പറഞ്ഞു.
തിരുവനന്തപുരത്ത് മ്യൂസിയം പോലീസ് സ്റ്റേഷന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല പറഞ്ഞു. പോലീസുകാര്‍ പുറത്തിറങ്ങിയാല്‍ മുട്ടുകാല് തല്ലിയൊടിക്കുമെന്ന് കെ മുരളീധരന് വ്യക്തമാക്കി. കുറ്റക്കാരായ പോലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലപ്പുറം വാഴക്കാട് പോലീസ് സ്റ്റേഷന് മുന്നില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. എറണാകുളം പള്ളുരുത്തി പോലീസ് സ്റ്റേഷന് മുമ്പില്‍ നടന്ന പ്രതിഷേധം ഡി സി സി പ്രസിഡന്റ് ഷിയാസ് ഉദ്ഘാടനം ചെയ്തു.