കോട്ടയം: അനധികൃതമായി പെന്‍ഷന്‍തുക അമ്മയുടെ അക്കൗണ്ടിലേക്ക് അയച്ച് മൂന്ന് കോടി രൂപ തട്ടിയ സംഭവത്തില്‍ കോട്ടയം നഗരസഭാ മുന്‍ജീവനക്കാരനെതിരെ വിജിലന്‍സ് അന്വേഷണം. അഴിമതി നിരോധന നിയമ പ്രകാരമാകും നടപടി. പോലീസ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയാലുടന്‍ കേസ് വിജിലന്‍സിന് കൈമാറും. കോട്ടയം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാകും അന്വേഷണം.
കോട്ടയം നഗരസഭയിലെ മുന്‍ജീവനക്കാരനും നിലവില്‍ വൈക്കം നഗരസഭാ ഉദ്യോഗസ്ഥനുമായ അഖില്‍ സി.വര്‍ഗീസിന്റെ സാമ്പത്തിക തട്ടിപ്പാണ് പുറത്തുവന്നിരിക്കുന്നത്. വാര്‍ഷിക സാമ്പത്തിക പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. കോട്ടയം നഗരസഭയില്‍ ജോലിചെയ്തിരുന്ന സമയത്ത് പെന്ഷന് വിഭാഗം കൈകാര്യം ചെയ്തിരുന്ന കാലം മുതല്‍ അഖില്‍ നടത്തിയ പണമിടപാടില്‍ മൂന്നുകോടി രൂപയ്ക്ക് മുകളില്‍ തട്ടിപ്പുണ്ടായെന്ന കണ്ടെത്തെലിനെത്തുടര്ന്നാണ് നഗരസഭാ സെക്രട്ടറി പോലീസില്‍ പരാതി നല്‍കിയത്.
പ്രതി വിദേശത്തേക്ക് പോകാന്‍ സാധ്യതയുള്ളതിനാല്‍ അടിയന്തരമായി പാസ്പോര്‍ട്ട് മരവിപ്പിക്കുന്നതിനും ആളെ കണ്ടെത്തി തുക വീണ്ടെടുക്കുന്നതിനുമുള്ള നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണ വാര്‍ഷിക സാന്പത്തിക പരിശോധനയില്‍ ചില അപാകം കണ്ടതിനെ തുടര്‍ന്നാണ് വിശദമായ വിലയിരുത്തലിലേക്ക് കടന്നത്.നഗരസഭയില്‍നിന്ന് വിരമിച്ചവരുടെ ബാങ്ക് അക്കൗണ്ടില്‍ ചില അപാകം ഉള്ളതായി പ്രാഥമികറിപ്പോര്‍ട്ട് വന്നിരുന്നു. അഖില്‍ ഇടത് യൂണിയന് അംഗമാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. എല്‍.ഡി.എഫും ബി.ജെ.പിയും കോട്ടയം നഗരസഭയില്‍ പ്രതിഷേധിച്ചു. അഖില്‍ ഒളിവിലാണ്.