സല്യൂട്ട് ചോദിച്ചു വാങ്ങാനല്ല ഡിജിപിക്ക് കത്തയച്ചതെന്ന് തൃശൂർ മേയർ എം. കെ വർഗീസ്. തൻ്റെ ഉദ്ദേശ ശുദ്ധിയെ വളച്ചൊടിക്കുകയായിരുന്നു എന്നും പൊലീസിൽ നിന്ന് ഔദ്യോഗിക മറുപടി ലഭിച്ചിട്ടില്ലെന്നും മേയർ വ്യക്തമാക്കി.
താൻ സല്യൂട്ട് ചോദിച്ചു വാങ്ങാൻ ശ്രമിച്ചുവെന്നാണ് പുറത്തുവന്ന വാർത്തകൾ. എന്നാൽ
പൊലീസുകാരനെ വേദനിപ്പിക്കാൻ താൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലന്നും താനൊരു മുൻ സൈനികനാണ് അതുകൊണ്ട് തന്നെ തനിക്ക് സൈനികരുടെ ബുദ്ധിമുട്ട് അറിയാം എന്നും അദ്ദേഹം പറഞ്ഞു. ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസുകാരനെക്കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് അടിപ്പിച്ചു എന്നതൊക്കെ ബാലിശമായ ആരോപണങ്ങളാണെന്നും ആദരവ് നൽകേണ്ടെന്നാണെങ്കിൽ വേണ്ടെന്നും എം. കെ വർഗീസ് വ്യക്തമാക്കി.
ഡ്യൂട്ടിയിലുള്ള പൊലീസുകാർ ബഹുമാനിക്കുന്നില്ലെന്നും സല്യൂട്ട് നൽകുന്നില്ലെന്നും ചൂണ്ടിക്കാട്ടി എം. കെ വർഗീസ് ഡിജിപിക്ക് പരാതി നൽകിയെന്ന വാർത്തക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ഇതുമായി ബന്ധപ്പെട്ട് പൊതുപ്രവർത്തകനായ മണികണ്ഠൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. പൊലീസുകാരെ കൊണ്ട് സല്യൂട്ടടിപ്പിക്കുന്ന ധിക്കാര സമീപനമാണ് എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.


