പാലക്കാട്: തൃത്താല കരിമ്പനക്കടവിന് സമീപം യുവാവിനെ കാറിലെത്തിയ സംഘം കുത്തിക്കൊന്നു. ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര സ്വദേശി അന്‍സാറാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് ആണ് തന്നെ കത്തികൊണ്ട് ആക്രമിച്ചെന്ന് അന്‍സാര്‍ പൊലീസിന് മൊഴി നല്കി.ഇത് അന്‍സാറിന്റെ മരണമൊഴിയായി പോലീസ് രേഖപ്പെടുത്തി. കഴുത്തില്‍ മുറിവേറ്റ നിലയില്‍ അന്‍സാറിനെ ആശുപത്രിയില്‍ എത്തിച്ചത് നാട്ടുകാരാണ്. ആക്രമണം നടന്ന സ്ഥലത്തിനു സമീപം കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.കരിമ്ബനക്കടവിലെ ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്ത് വെച്ചായിരുന്നു സംഭവം നടന്നത്.
അന്‍സാര്‍ പറഞ്ഞതുനുസരിച്ചാണെങ്കില് സുഹൃത്തിനൊപ്പം ഗുണ്ടാസംഘവും ഉണ്ടായിരുന്നതായാണ് പോലീസ് മനസ്സിലാക്കുന്നത് . ഇവര്‍ എത്തിയതെന്ന് കരുതുന്ന കാര്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കാണുകയായിരുന്നു. ഈ കാറിനുള്ളില്‍ നിന്ന് കത്തിയുടെ ഉറ പോലീസ് കണ്ടെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. അന്‍സാറിന്റെ മൃതദേഹം പാലക്കാട് താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. വിദേശത്തായിരുന്ന അന്‍സാര്‍ നാട്ടില്‍ വന്ന് സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു.


