നെല്സന് പനയ്ക്കല്
ചാലക്കുടി :- കാനഡയിലേക്ക് ഐഇഎൽടിഎസ് ഇല്ലാതെ ജോലി ശരിയാക്കാം എന്ന് പറഞ്ഞു ചാലക്കുടി സ്വദേശികളായ രണ്ടുപേരിൽ നിന്ന് ഇന്ന് 38 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ ഒരാൾ പോലീസിന്റെപിടിയിലായി. ആലപ്പുഴ ജില്ല ചുനക്കര നോർത്ത് അരാരത്ത് വീട്ടിൽ ഷിബു ഉമ്മൻ (48 വയസ്സ്) എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീമതി ജി. പൂങ്കുഴലി ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡി വൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം ദീർഘനാളത്തെ അന്വേഷണത്തിനൊടുവിൽ പിടികൂടിയത്.
യൂറോപ്യൻ രാജ്യങ്ങളിൽ ജോലി ചെയ്യാനും പഠിക്കാനും ഭാഷാ പ്രാവീണ്യത്തിന്റെ അടിസ്ഥാനത്തിൽ സ്കോർ ലഭിക്കാൻ ഐഇഎൽടിഎസ് പരീക്ഷ നിശ്ചിത സ്കോർ വേണ്ടത് അനിവാര്യമാണ്.എന്നാൽ ഐഇഎൽടിഎസ് ഇല്ലാതെ ജോലി ശരിയാക്കാം എന്നു പറഞ്ഞു വിസ വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലാണ് ഷിബു ഉമ്മനെ അറസ്റ്റ് ചെയതത്. 2019 ജനുവരി മാസം മുതൽ 2020 മെയ് മാസം വരെ വിവിധ ഇടവേളയിലാണ് കേസിനാസ്പദമായ സംഭവം നടന്നത് , പരാതിക്കാരുടെ ബന്ധുക്കൾക്ക് വിസ വാഗ്ദാനം ചെയ്ത് പണം പറ്റിയ ശേഷം വിസ നൽകാതെയും കൊടുത്ത പണം തിരികെ നൽകാതെയും വഞ്ചന നടത്തി എന്ന പരാതിയുമായാണ് പണം നഷ്ടപ്പെട്ടവർ പോലീസിനെ സമീപിച്ചത്. പരാതിയിൽ വാസ്തവമുണ്ടെന്ന് കണ്ടെത്തിയ ജില്ലാ പോലീസ് മേധാവി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി തട്ടിപ്പു സംഘത്തെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിക്കുകയായിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ അന്വേഷണമാരംഭിച്ച പോലീസ് സംഘം ഇത്തരം സംഘത്തെപ്പറ്റി പഠിച്ച് ഇത്തരക്കാരെ നിരന്തരം നിരീക്ഷിച്ചതിന്റെ ഫലമായാണ് ഷിബു ഉമ്മനെ പിടികൂടാനായത്.
അറസ്റ്റ് ചെയ്യുവാനും അന്വേഷണ സംഘത്തിലും ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ കെ.എസ് സന്ദീപ്, ചാലക്കുടി സ്റ്റേഷൻ എസ് ഐ മാരായ എം.എസ്. ഷാജൻ, സജി വർഗീസ് പ്രത്യേകാന്വേഷണ സംഘത്തിലെ എസ്ഐ ജിനു മോൻ തച്ചേത്ത് എ.എസ്ഐ മാരായ സതീശൻ മടപ്പാടിൽ, റോയ് പൗലോസ് , ജോബ് സി.എ , മൂസ പി.എം, സീനിയർ സിപിഒമാരായ വി.യു സിൽജോ, റെജി എ .യു ., ബിനു എം ജെ , ഷിജോ തോമസ് എന്നിവരുമുണ്ടായിരുന്നു . കോടതിയിൽ ഹാജരാക്കിയ ഷിബു ഉമ്മനെ കോടതി റിമാൻഡ് ചെയ്തു. ഈ കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിക്കുമെന്നും പിടിയിലായ ഷിബു ഉമ്മന് മറ്റെവിടെയെങ്കിലും കേസുകൾ ഉണ്ടോ എന്നും അന്വേഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.
ഇത്തരം തട്ടിപ്പിനെതിരെ പോലീസ് വിവിധ മാധ്യമങ്ങളിലൂടെ പല രീതിയിൽ ബോധവത്കരണം നടത്തി ഇത്തരത്തിൽ വ്യാജമായ കാര്യങ്ങൾ പറഞ്ഞ് വിശ്വസിപ്പിച്ച് വളഞ്ഞ മാർഗ്ഗത്തിലൂടെ കുറഞ്ഞ പണചിലവിൽ വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘത്തിനെപ്പറ്റി പ്രചരണം നടത്തിയിട്ടും വീണ്ടും നിരവധി ആളുകളാണ് ഇത്തരം തട്ടിപ്പിന് ഇരയാകുന്നതും പണവും മറ്റും നഷ്ടപ്പെട്ട് മാനസിക സംഘർഷത്തിനടിമകളായി അലയേണ്ടി വരുന്നതും.


