തിരുവനന്തപുരം: കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ നരേന്ദ്രമോദി സര്‍ക്കാരിന് കുട പിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കോണ്‍ഗ്രസ് എംപി രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് അതിക്രമവും തുടര്‍ന്നുണ്ടായ സംഭവങ്ങളും സര്‍ക്കാരിന്റെ അറിവോടെയും പൊലീസിന്റെ ഒത്താശയോടെയുമാണെന്ന് വി ഡി സതീശന് വിമര്‍ശിച്ചു.നിയമസഭയില്‍ മുമ്പൊരിക്കലും ഇല്ലാത്ത തരത്തില്‍ ഭരണകക്ഷിയുടെ ഭാഗത്ത് നിന്നും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘര്മുണ്ടാക്കാന് ശ്രമിച്ചു. ആസൂത്രിതമായി സംഘര്‍ഷമുണ്ടാക്കാന്‍ ഭരണ പക്ഷം എടുത്തത് ദൗര്‍ഭാഗ്യകരമാണ്. അതില്‍ പ്രതിഷേധിച്ച് സഭാ നടപടികള്‍ സ്തംഭിക്കാന്‍ യുഡിഎഫ് തീരുമാനിച്ചുവെന്നും വി ഡി സതീശന് വിശദീകരിച്ചു.
വി ഡി സതീശന്റെ വാക്കുകള്‍:
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് ഗൗരവകരമാണ്. അതില്‍ നിന്നും രക്ഷപ്പെടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവേടെയാണ് ആക്രമണമെന്ന് വ്യക്തമായി. മന്ത്രി വീണ ജോര്‍ജിന്റെ ഓഫീസ് സ്റ്റാഫില്‍പ്പെട്ട ഒരാളുടെ നേതൃത്വത്തിലാണ് ഓഫീസ് ആക്രമിച്ചത്. എന്നാല്‍ അദ്ദേഹത്തെ ഇതുവരേയും കേസില്പ്പെടുത്തിയിട്ടില്ലെന്നും വി ഡി സതീശന് പറഞ്ഞു. എസ്എഫ്ഐ നേതാക്കളും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരിയും പൊലീസിനെ വിരട്ടുകയാണ്. ഞങ്ങള്‍ പറയുന്നവര്‍ മാത്രം കേസില്‍ പ്രതികളായാല്‍ മതിയെന്ന നിലപാടാണ് ഇരുകൂട്ടര്ക്കുമെന്നും വിഡി സതീശന് വിമര്‍ശിച്ചു. പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തലവെട്ടിയത് ഉള്‍പ്പെടെ, കേരളത്തിലെ കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തപ്പോള്‍ ഈ ക്രിമിനലുകള്‍ ചെയ്തത് എല്ലാ ഓഫീസിലും ഗാന്ധിയുടെ പടം തകര്‍ക്കുകയെന്നതാണ്. തകര്‍ത്ത ഓഫീസിലെല്ലാം ഗാന്ധി പ്രതിമയും തകര്‍ത്തു. സംഘപരിവാറുമായി സന്ധി ചെയ്യുകയാണ് ഇവര്‍. കഴിഞ്ഞ ദിവസം മനപൂര്‍വ്വം പ്രകോപനം ഉണ്ടാക്കാനാണ് സിപിഐഎം വയനാട്ടില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. സ്വര്‍ണക്കടത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണിത്. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഇതിന്റെയെല്ലാം ഗൂഢാലോചന നടക്കുന്നത്. സംഘപരിവാറിനെ പ്രീതിപ്പെടുത്തി കേസില്‍ നിന്നും രക്ഷപ്പെടാനാണ് നീക്കം. ഇതില്‍ പിണറായി വിജയനെ രക്ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. രാഹുല്‍ഗാന്ധിയെ വയനാട്ടില്‍ നിന്നും തുരത്തണം എന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടേയും പിണറായി വിജയന്റേയും ക്വട്ടേഷന്‍ ഏറ്റെടുത്താണ് ഇതെല്ലാം ചെയ്യുന്നത്. രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്താന്‍ മോദി സര്‍ക്കാരിന് കുട പിടിക്കുകയാണ് പിണറായി. ഞങ്ങള്‍ ശക്തമായി മുന്നോട്ട് പോകുമെന്നും വി ഡി സതീശന് പറഞ്ഞു.


