തിരുവനന്തപുരം: സ്റ്റാലിന്റെ റഷ്യ അല്ല കേരളമെന്നും ഭരണഘടനാ വിരുദ്ധമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സമാധാനപരമായാണ് പ്രതിപക്ഷം സമരം ചെയ്തത്. സത്യാഗ്രഹ സമരം മാത്രമേ കോണ്‍ഗ്രസ് ചെയ്യൂ എന്ന് മുഖ്യമന്ത്രി അന്ന് പരിഹസിച്ചു.
സതീശന്റെ വാക്കുകള്‍
ഞങ്ങള്‍ക്ക് പുതിയ വിജയനെയും പഴയ വിജയനെയും പേടി ഇല്ല. ഒരു കരിങ്കൊടി കാണിക്കാന്‍ വരുന്നവനെ പേടിച്ച് എന്തിനാണ് മുഖ്യമന്ത്രി നൂറുകണക്കിന് പൊലീസുകാരെ സുരക്ഷയ്ക്ക് ഒരുക്കുന്നത്. എന്തിനാണ് പേടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ ആക്കുന്നത്. എന്തിനാണ് ഒരാളെ പേടിച്ച് ഇത്ര വലിയ വാഹനവ്യൂഹത്തില്‍ സഞ്ചരിക്കുന്നതെന്നും വി ഡി സതീശന് ചോദിച്ചു.
കരിങ്കൊടി ഭയന്ന് നൂറു കണക്കിന് പൊലീസുകാരുടെ ഇടയില്‍ മുഖ്യമന്ത്രി ഒളിച്ചുവെന്നും അദ്ദേഹം വിമര്‍ശിച്ചു. ഭരണഘടന വിരുദ്ധമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. രാവിലെ വീട്ടില്‍ കിടന്നുറങ്ങുന്നവനെ കരുതല്‍ തടങ്കലില്‍ ആക്കുന്നു. ഇത്തരത്തില്‍ കരുതല്‍ തടങ്കലില്‍ ആക്കാന്‍ ആരാണ് നിങ്ങള്‍ക്ക് അധികാരം നല്‍കിയതെന്ന് ചോദിച്ച സതീശന് തികഞ്ഞ മര്യാദകേടാണ് കാണിക്കുന്നതെന്നും പറഞ്ഞു. ‘ഞങ്ങളുടെ പെണ്‍കുട്ടികളെ ആക്രമിച്ചാല്‍ പ്രതികരിക്കും. വാഹനത്തില്‍ അകത്തിട്ട് മര്‍ദ്ദിക്കുക, പെണ്‍കുട്ടിയെ പുരുഷപൊലീസ് ആക്രമിക്കുക തുടങ്ങി ക്രൂരമായ കാര്യങ്ങളാണ് നടക്കുന്നത്.
മരണവീട്ടിലെ കറുത്ത കൊടി അഴിച്ചു മാറ്റിപ്പിക്കുന്നു, കറുത്ത വസ്ത്രം ആരും ധരിച്ച് വരരുത് എന്ന് കോളേജില്‍ നിര്‍ദേശം നല്കുന്നു. എന്തിനാണ് കറുപ്പിനോട് ഇത്ര വിരോധമെന്നും വിഡി ചോദിച്ചു. ഉമ്മന്‍ചാണ്ടിക്ക് എതിരെ നിങ്ങള്‍ കല്ല് എറിഞ്ഞിട്ടില്ലെ. ഇതുവരെ പിണറായി വിജയന് നേരെ ഞങ്ങള്‍ അങ്ങനൊന്നും ചെയ്തിട്ടില്ല. പക്ഷെ പ്രതിഷേധം തുടരുക തന്നെ ചെയ്യും’, വി ഡി സതീശന് നിയമസഭയില്‍ പറഞ്ഞു.


