ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിലേക്കെന്ന് സൂചന നല്കി അഭിപ്രായ സര്‍വ്വേ. 116-122 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് പ്രവചനം. ബിജെപിക്ക് 77-83 സീറ്റും ജനതാദള്‍ എസിന് 21-27 സീറ്റും മറ്റു പാര്‍ട്ടികള്‍ക്ക് നാല് സീറ്റു വരെയും ലഭിക്കും. സര്‍വ്വേ ഏജന്‍സിയായ ലോക് പോള്‍ നടത്തിയ പഠനത്തിലാണ് കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് സൂചിപ്പിക്കുന്നത്.
കര്‍ണാടകയിലെ 224 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി 45,000 വോട്ടര്‍മാരെ പങ്കെടുപ്പിച്ചാണ് സര്‍വ്വേ നടത്തിയതെന്ന് ലോക്പോള്‍ അറിയിച്ചു. കോണ്‍ഗ്രസ് 39-42 ശതമാനം വരെ വോട്ട് നേടും. ബിജെപി 33-36 ശതമാനവും ജനതാദള്‍ എസ് 15-19 ശതമാനവും മറ്റുള്ളവര്‍ 6-9 ശതമാനവും വോട്ട് നേടും. അഴിമതി ആരോപണം, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവ കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടാക്കിയിട്ടുണ്ടെന്ന് ലോക്പോളിലെ വിശകലന വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.


