വെള്ളക്കരം വര്‍ധിപ്പിച്ച നടപടി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ നോട്ടീസ് നല്കി. എം വിന്‍സന്റ് എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. ആരാച്ചാര്‍ക്കുള്ള ദയ പോലും സര്‍ക്കാരിനില്ലെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയ എം വിന്‍സെന്റ് കുറ്റപ്പെടുത്തി. വെള്ളക്കരം വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി സമാനതകളില്ലാത്ത ക്രൂരതയെന്ന് പ്രതിപക്ഷം. ക്രൂരമായ നികുതി അക്രമമാണ് സംസ്ഥാനത്ത് നടക്കുന്നത്.
വാട്ടര്‍ അതോറിറ്റി നേരിടുന്നത് 4912.42 കോടി രൂപയുടെ സഞ്ചിത നഷ്ടമാണെന്നും പ്രതിപക്ഷം സഹകരിക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിന് മറുപടിയില്‍ ആവശ്യപ്പെട്ടു. നികുതിക്കൊള്ളയില്‍ ജനങ്ങള്‍ വീണു കിടക്കുമ്പോഴാണ് വെള്ളക്കരം കൂട്ടിയിരിക്കുന്നതെന്ന് എം വിന്‍സന്റ് വിമര്‍ശിച്ചു. ആരാച്ചാര്‍ക്കുള്ള ദയ പോലും സര്‍ക്കാരിന് ഇല്ല. മരണക്കിടക്കയില്‍ കിടക്കുന്നവര്‍ വെള്ളം ചോദിച്ചാല്‍ അതിനും കത്ത് നല്‍കേണ്ടി വരുമോ എന്നും മന്ത്രി കഴിഞ്ഞ ദിവസം സഭയില്‍ നടത്തിയ പ്രതികരണത്തിന് മറുപടിയായി എം വിന്‍സന്റ് ചോദിച്ചു.
സ്വന്തമായി കണക്ഷനെടുക്കാന്‍ കഴിയാത്ത പതിനാലര ലക്ഷം ആളുകള്‍ക്ക് വെള്ളക്കരം വര്‍ധന ബാധകമാകും. കിട്ടാത്ത വെള്ളത്തിനും ചാര്‍ജ് അടക്കേണ്ടി വരും. ജലജീവന്‍ മിഷന്റെ പേരില്‍ മോദി സര്‍ക്കാരും പിണറായി സര്‍ക്കാരും ജനങ്ങളെ പിടികൂടിയിരിക്കുകയാണെന്നും എം വിന്‍സെന്റ് കുറ്റപ്പെടുത്തി
എന്നാല്‍ കാലാകാലങ്ങളില്‍ നികുതി വര്‍ധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 17.5 ലക്ഷം കണക്ഷനാണുണ്ടായിരുന്നത്. സര്‍ക്കാര്‍ വന്ന ശേഷം 13 ലക്ഷം കണക്ഷന് കൂടി നല്‍കിയെന്നും മന്ത്രി പറഞ്ഞു.


