തിരുവനന്തപുരം: എഡിജിപിയും കമ്മീഷണറും 4 ഡിവൈഎസ്പിമാരും അടക്കം 17 പേരടങ്ങുന്ന സംഘം ‘ശക്തമായ’ അന്വേഷണം നടത്തിയിട്ടും എകെജി സെന്ററിന് നേരെ സ്ഫോടക വസ്തുവെറിഞ്ഞ കേസില്‍ പ്രതികളെ പിടിക്കാനാവാതെ പൊലീസ് നട്ടം തിരിയുന്നു. സംഭവം നടന്ന് നാലാം ദിവസവും പ്രതി അദൃശ്യനായി തന്നെ തുടരുകയാണ്. ബോംബേറ് രാഷ്ട്രീയ നാടകമാണെന്ന് ആരോപിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബോംബെറിലെ ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പി സി വിഷ്ണുനാഥ് എംഎല്‍എ ആണ് നോട്ടീസ് നല്‍കിയത്.
സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ചുവന്ന സ്കൂട്ടറിലെ യാത്രികന് അക്രമിയല്ലെന്ന് ഇതിനകം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒടുവില്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. എകെജി ഹാളിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് കുന്നുകുഴി ഭാഗത്തേക്ക് അക്രമി കടന്നു എന്ന് മാത്രമാണ് ഇതുവരെയുള്ള അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സ്കൂട്ടറിലെത്തിയ ആക്രമിക്ക് സ്ഫോടക വസ്തു കൈമാറിയത് ചുവപ്പ് സ്കൂട്ടറിലെത്തിയ യാത്രികനാണെന്ന് െപാലീസ് പറഞ്ഞിരുന്നു. പക്ഷേ ഈ സ്കൂട്ടര്‍ യാത്രികന് സംഭവവുമായി ബന്ധമില്ലെന്ന വിശദീകരണമാണ് ഇപ്പോള്‍ പൊലീസ് നല്‍കുന്നത്. നഗരത്തില്‍ തട്ടുകട നടത്തുന്ന ഇയാള്‍ അക്രമി അല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. അതേസമയം ഒന്നിലേറെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടും അക്രമി സഞ്ചരിച്ച സ്കൂട്ടര്‍ തിരിച്ചറിയാന്‍ പോലും കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്. 70-ഓളം സിസിടിവി ക്യാമറകളാണ് അന്വേഷണസംഘം പരിശോധിച്ചത്.
സ്ഫോടകവസ്തു എറിഞ്ഞയാള്‍ ഇടറോഡുകളിലൂടെ മെഡിക്കല്‍ കോളേജ് ഭാഗത്തേക്കാണ് പോയതെന്ന് പൊലീസ് പറയുന്നു. പ്രദേശത്തിന്റെ ഭൂമിശാസ്ത്രം കൃത്യമായി അറിയുന്ന ആളാണ് അക്രമി എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ആക്രമണത്തിന് മുമ്പും പിമ്പും എകെജി സെന്റര്‍ പരിസരത്തെ ടവര്‍ ലൊക്കേഷനുകളില്‍ ഉണ്ടായിരുന്ന ഫോണ്‍ നമ്പറുകളാണ് പൊലീസ് പരിശോധിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റിട്ട പലരും നിരീക്ഷണത്തിലാണ്. സംശയത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത യുവാവിനെ മറ്റൊരു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. എകെജി സെന്ററിന് കല്ലെറിയും എന്ന് ഫേസ് ബുക്കില്‍ കുറിച്ചതിനാണ് കേസ്. എകെജി സെന്റര്‍ ആക്രമണത്തില്‍ യുവാവിന് പങ്കില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.


