മന്ത്രിസ്ഥാനത്തേക്ക് സജി ചെറിയാന് മടങ്ങി വരുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. സജി ചെറിയാന്റെ പ്രസംഗത്തില്‍ ഭരണഘടനാ ലംഘനമില്ലെന്ന് സിപിഎം മാത്രം തീരുമാനിച്ചാല്‍ മതിയോയെന്ന് കെപിസിസി പ്രസിഡന്റ് ചോദിച്ചു. ഒരു കാരണവശാലും സജി ചെറിയാന്റെ മന്ത്രിസ്ഥാനത്തേക്കുള്ള തിരിച്ചു വരവിനെ യുഡിഎഫിന് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സജി ചെറിയാന് സത്യപ്രതിജ്ഞ ചെയ്യുന്ന ജനുവരി നാല് ബുധനാഴ്ച കരിദിനമായി യുഡിഎഫും കോണ്‍ഗ്രസും ആചരിക്കുമെന്ന് കെ സുധാകരന് പറഞ്ഞു. സജി ചെറിയാനെ എന്തിനാണ് മന്ത്രിസഭയില്‍ നിന്ന് രാജിവെപ്പിച്ചതെന്ന് സിപിഎം പറയണം. അദ്ദേഹം തെറ്റ് ചെയ്തില്ലെന്ന് പ്രാഥമികമായി സിപിഎമ്മിന് ഉറപ്പുണ്ടായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് അദ്ദേഹം രാജിവെച്ചത്? സജി ചെറിയാന്റെ പ്രസംഗത്തില്‍ ഭരണഘടന ലംഘനം ഇല്ലെന്ന് സിപിഎം മാത്രം തീരുമാനിച്ചാല്‍ മതിയോ? അവര്‍ക്ക് എന്തും ആകാമെന്ന സ്ഥിതിയാണ്. സിപിഎമ്മിന് മാത്രം ഒന്നും ബാധകമല്ല. പൊതുജനം ഇത് ശരിയാണോയെന്ന് ചിന്തിക്കണം. കേരളത്തില്‍ ചരസ്സും എംഡിഎംഎയും ഒഴുകുകയാണ്. എല്ലാത്തിനും പിന്നില്‍ സിപിഎം , ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്. ലഹരി മാഫിയയ്ക്ക് വേണ്ടിയാണ് ഈ ഭരണമെന്നും കെ സുധാകരന് കുറ്റപ്പെടുത്തി.
ജൂലൈ മൂന്നിന് മല്ലപ്പള്ളിയില്‍ നടന്ന പ്രസംഗത്തില്‍ ഭരണഘടനയ്ക്ക് എതിരായ പരാമര്‍ശം നടത്തിയതിനാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെച്ചത്. അടുത്ത നിയമസഭാ സമ്മേളനത്തിന് മുന്‍പ് സത്യപ്രതിജ്ഞ നടത്തി ഇദ്ദേഹത്തെ മന്ത്രിസഭയില്‍ തിരിച്ചെത്തിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചത്.
വിമര്‍ശനാത്മകമായി സംസാരിക്കുകയാണ് സജി ചെറിയാന് ചെയ്തതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. സജി ചെറിയാന് ഭരണഘടനയെ അവഹേളിച്ചതായി തങ്ങള്‍ക്ക് തോന്നിയിട്ടില്ലെന്നാണ് പ്രസംഗം കേട്ട തിരുവല്ല, റാന്നി എംഎല്‍എമാര്‍ പോലും മൊഴി നല്‍കിയത്. ഇതിന് പിന്നാലെയാണ് സജി ചെറിയാന് വീണ്ടും മന്ത്രി സഭയിലേക്കുള്ള വരവിന് കളമൊരുങ്ങിയത്.


