കലാസൃഷ്ടികള്‍ക്കും രക്തകലകള്ക്കും രക്തം ഉപയോഗിക്കുന്നത് നിരോധിച്ച് തമിഴ്നാട് സര്‍ക്കാര്‍. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്ന് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യന് അറിയിച്ചു. ബ്ലഡ് ആര്‍ട്ട് ഇപ്പോള്‍ തമിഴ്നാട്ടില്‍ വ്യാപകമായിട്ടുണ്ട്. ബ്ലഡ് ആര്‍ട്ടിനെ സംബന്ധിച്ച് വിവരം ലഭിച്ചതിന് പിന്നാലെ ആര്യോഗ്യവിഭാഗം ചെന്നൈ ടി നഗറിലെയും വടപളനിയിലെയും കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയിരുന്നു.
ബ്ലഡ് ആര്‍ട്ട് വര്‍ക്കുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ രക്തത്തിന് പകരം മറ്റേതെങ്കിലും മാധ്യമം ഉപയോഗിക്കണമെന്നും ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ആരോഗ്യ കേന്ദ്രങ്ങളിലോ ആശുപത്രികളിലോ രക്തം ദാനം ചെയ്യുന്നത് മഹത്തായ പ്രവര്‍ത്തിയാണ്. പക്ഷേ, കലാസൃഷ്ടികള്‍ക്ക് രക്തം ഉപയോഗിക്കുന്നത് അത്തരത്തില്‍ പരിഗണിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
രക്തം എടുക്കുമ്പോള്‍ കലാകാരന്മാര് പാലിക്കുന്ന ശുചിത്വത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും ഇത് എച്ച്ഐവി പോലുള്ള അണുബാധകള്‍ പടരാന്‍ കാരണമാകുമെന്നും സുബ്രഹ്മണ്യന് പറഞ്ഞു.
രക്തം ശേഖരിച്ച് ഛായാചിത്രങ്ങളും മറ്റും വരയ്ക്കുന്നത് ഇപ്പോള്‍ തമിഴ്നാട്ടില്‍ വ്യാപകമായിട്ടുണ്ട്. 2 മില്ലി മുതല്‍ 3 മില്ലി വരെ രക്തമാണ് കലാകാരന്മാര് പെയിന്റിംഗിനായി എടുക്കുന്നത്.


