രാജ്യത്തിന്റെ പാര്‍ലമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് കടലാസിന്റെ വില പോലുമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. അബ്ദുള്‍ നാസര്‍ മദനിയെ പുറത്തിറക്കാന്‍ പ്രമേയം പാസാക്കിയവരാണ് ഇവരെന്നും തൊടുപുഴയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. നിയമസഭ എന്നത് ഇടതു- വലതു മുന്നണികളുടെ സ്വാര്‍ത്ഥത പ്രകടിപ്പിക്കാനുള്ള കേന്ദ്രമായി മാറി. നിയമസഭയെ ദുരുപയോഗം ചെയ്യുകയാണ് ഭരണ- പ്രതിപക്ഷങ്ങള്‍.
വാഗമണിലെ മയക്കുമരുന്ന് നിശാ ക്യാമ്പിനെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് സുരേന്ദ്രന് ആവശ്യപ്പെട്ടു. അന്തര്‍ദേശീയ മയക്കുമരുന്ന് സംഘവുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം. ഈ കേസില്‍ അടിമുടി ദുരൂഹതയുണ്ട്. ഇതില്‍ സമഗ്രമായ അന്വേഷണം വേണം. സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്യാന്‍ എന്താണ് പൊലീസ് തയ്യാറാവാത്തത്. പൊലീസിന് അന്വേഷിക്കാന്‍ സംവിധാനമില്ലെങ്കില്‍ നാര്‍ക്കോട്ടിക്ക് സെല്ലിന് കേസ് കൈമാറാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കര്ഷകന് സ്വന്തം ഉത്പന്നം നല്ല വിലയ്ക്ക് വില്‍ക്കാനാവുമെന്നതാണ് കര്‍ഷക നിയമത്തിന്റെ സവിശഷത. എന്നാല്‍ ഇത് അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. എപിഎംസിയും മണ്ഡികളും നല്ലതെങ്കില്‍ പിന്നെന്താണ് കേരളത്തില്‍ അത് നടപ്പിലാക്കാത്തതെന്ന് സുരേന്ദ്രന് ചോദിച്ചു. സംസ്ഥാനത്ത് ഭരണകക്ഷിയും പ്രതിപക്ഷവും ഒന്നായി മാറുന്ന വിചിത്രമായ കാഴ്ചയാണുള്ളത്. ജനങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിക്കാന്‍ കടമയുള്ള പ്രതിപക്ഷം ഇവിടെ ഭരണപക്ഷത്തിനൊപ്പം ചേര്‍ന്ന് ഭരിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ വികാരം പ്രകടിപ്പിക്കാന്‍ ജനങ്ങള്‍ വോട്ട് ചെയ്ത പ്രതിപക്ഷം അധികാരത്തിന് വേണ്ടി ജനവിധി അട്ടിമറിക്കുകയാണ്. സംസ്ഥാനത്ത് പല സ്ഥലത്തും എല്‍ഡിഎഫ്- യുഡിഎഫ്- എസ്ഡിപിഐ സഖ്യമാണുള്ളതെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.