കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട തദേശ സ്ഥാപനങ്ങളുടെയെണ്ണം ഒരു മാസം കൊണ്ട് നാലിരട്ടിയായി വര്‍ധിച്ചു. അതിനാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതി പിന്‍വലിച്ചേക്കും. ജനജീവിതം മുന്നോട്ട് കൊണ്ടു പോകുന്ന തരത്തിലുള്ള ഇളവുകള്‍ വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്കി. അനാവശ്യ പൊലീസ് ഇടപെടലുകള്‍ക്കെതിരെയും താക്കീത് നല്കി.
രോഗസ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തിലുള്ള കോവിഡ് നിയന്ത്രണം ഫലപ്രദമല്ല. യാഥാര്‍ഥ്യം വ്യക്തമാക്കുന്ന ചില കണക്കുകളാണ് ഈ തിരിച്ചറിവിന് കാരണം. ടി.പി.ആര് അടിസ്ഥാനത്തില്‍ തദേശ സ്ഥാപനങ്ങളെ തരംതിരിച്ചുള്ള നിയന്ത്രണം തുടങ്ങിയത് ജൂണ്‍ 16നാണ്. അന്ന് 25 തദേശ സ്ഥാപനങ്ങളിലായിരുന്നു രോഗ വ്യാപനം കൂടുതലുള്ള പ്രദേശമായി കണ്ട് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ജൂണ്‍ 30 ആയപ്പോള്‍ ട്രിപ്പിള്‍ ലോക്ഡൗണുള്ള സ്ഥലങ്ങളുടെയെണ്ണം 80 ആയി. ജൂലൈ അവസാനിക്കുമ്പോള്‍ 323 സ്ഥലങ്ങളിലാണ് ട്രിപ്പിള്‍ ലോക്ഡൗണുള്ളത്.
നിയന്ത്രണം ഏര്‍പ്പെടുത്തിയ ശേഷം രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളുടെയെണ്ണം 25 ല്‍ നിന്ന് 323 ലേക്ക് കുതിച്ചുയര്‍ന്നു. ഇതോടെ കേരളത്തിന്റെ 30 ശതമാനം പ്രദേശത്തും ഇപ്പോഴും ട്രിപ്പിള്‍ ലോക്ഡൗണാണ്. നിലവിലെ സംവിധാനം ഫലപ്രദമല്ലെന്ന് മാത്രമല്ല, ജനജീവിതം കൂടുതല്‍ ദുഷ്കരമാകുന്നതിന്റെ തെളിവുകൂടിയായാണ് മുഖ്യമന്ത്രി ഇന്നലത്തെ അവലോകന യോഗത്തില്‍ ഇത് ചൂണ്ടിക്കാട്ടിയത്. വ്യാപാരികളുടെ പ്രതിസന്ധിയും ടൂറിസം മേഖലയുടെ തകര്‍ച്ചയും യോഗത്തില്‍ ചര്‍ച്ചയായി.
ഓണക്കാലത്ത് വ്യാപാരം നടക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്ത് കൂടുതല്‍ ഫലപ്രദമായ മറ്റ് മാര്‍ഗം കണ്ടെത്താനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. രോഗം കൂടുതലുള്ള പ്രദേശങ്ങളില്‍ മൈക്രോ കണ്ടെയ്മെന്റ് സോണുകള്‍ പ്രഖ്യാപിച്ച് അവിടം മാത്രം പൂര്‍ണമായി അടയ്ക്കുന്ന രീതിയാണ് ബദലായി പരിഗണിക്കുന്നത്. ഇതാകുമ്പോള്‍ രോഗമേഖലയില്‍ പൂര്‍ണ നിയന്ത്രണവും മറ്റിടങ്ങളില്‍ പൂര്‍ണ ഇളവും സാധ്യമാകും.
ബുധനാഴ്ചത്തെ അവലോകന യോഗം ഇതില്‍ തീരുമാനമെടുക്കും. ടൂറിസ്റ്റ് പ്രദേശങ്ങളിലേക്ക് പോകുന്നവരെയടക്കം പൊലീസ് അനാവശ്യമായി തടയുന്നതും പിഴ ഈടാക്കുന്നതും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. പൊലീസിന്റെ പിഴയീടാക്കലിനെതിരെ പരാതി വ്യാപകമായിരുന്നു.


