ദേവികുളം തെരഞ്ഞെടുപ്പില്‍ വോട്ട് ഭിന്നിപ്പിക്കാന്‍ ശ്രമിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തക്കാന്‍ സിപിഐഎം ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തതില്‍ മറുപടിയുമായി എസ് രാജേന്ദ്രന്. മെമ്പര്‍ഷിപ്പ് കൊടുക്കുന്നതും ഒഴിവാക്കുന്നതുമെല്ലാം പാര്‍ട്ടിയുടെ അവകാശമാണെന്നും അവരുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ അവരെന്തും ചെയ്യുമെന്നും രാജേന്ദ്രന് പറഞ്ഞു.
തനിക്കെതിരെ ചിലര്‍ പ്രവര്‍ത്തിക്കുന്നു എന്ന് കാണിച്ച് ജില്ലാ നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ കത്തില്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്നും എസ് രാജേന്ദ്രന് പറഞ്ഞു. പാര്‍ട്ടി നിയോഗിച്ച രണ്ടംഗ കമ്മിഷന്റെ അന്വേഷണത്തില്‍ രാജേന്ദ്രന് കുറ്റക്കാരനെന്നു കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ഥത ഉണ്ടായില്ല, പ്രചാരണത്തില്‍ നിന്നു വിട്ടു നിന്നു, വോട്ട് ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു, ജാതിഭിന്നത ഉണ്ടാക്കാന്‍ ശ്രമിച്ചു തുടങ്ങിയവയാണ് അന്വേഷണ കമ്മിഷന്റെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇദ്ദേഹത്തെ ഒരു വര്‍ഷത്തേക്കു പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
‘മറ്റൊന്നിനെ പറ്റിയും ഇപ്പോള്‍ പ്രതികരിക്കാനില്ല. പാര്‍ട്ടിക്ക് തന്നോടുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഒരു സാധാരണ മെമ്പറായി പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിക്കണമെന്ന് കാട്ടി ജൂലൈ മാസത്തില്‍ പാര്‍ട്ടിക്ക് കത്ത് നല്‍കിയതാണ്. അതിനു ശേഷമാണ് സമ്മേളനങ്ങളില്‍ നിന്ന് ഒഴിവായി നിന്നത്. 40 വര്‍ഷം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചത് ആത്മാര്‍ത്ഥമായാണ്. പാര്‍ട്ടി പുറത്താക്കിയാലും മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുന്നതിനെപ്പറ്റി ചിന്തിച്ചിട്ടു പോലുമില്ല. ജീവിക്കാന്‍ വേണ്ടി പാര്‍ട്ടിയില്‍ ചേര്‍ന്ന് ആളല്ല. പാര്‍ട്ടിക്ക് വേണ്ടിയാണ് ജീവിച്ചത്. പ്രതിസന്ധി കാലഘട്ടത്തില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ആത്മാര്‍ത്ഥമായി കൂടെ നിന്നിട്ടുണ്ട്’- എസ്. രാജേന്ദ്രന് പറഞ്ഞു.
പാര്‍ട്ടി നടപടി വരുന്നതിനു മുമ്പ് പൊതു വേദികളിലെ എംഎം മണിയുടെ പ്രതികരണം ശരിയായില്ലെന്നും എസ് രാജേന്ദ്രന് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ഫലം വന്ന അന്നുമുതലാണ് എല്ലാ പ്രശ്നങ്ങളുടെയും തുടക്കം. പാര്‍ട്ടിയോട് ഒരു തരത്തിലുള്ള വിശ്വാസക്കുറവ് ഇപ്പോഴും തനിക്കല്ലിന്നും എസ് രാജേന്ദ്രന് പറഞ്ഞു.


