ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ച് പ്രധാനമന്ത്രി. മാര്‍പാപ്പയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഒന്നേകാല്‍ മണിക്കൂറോളം നീണ്ടുനിന്നു. അപ്പോസ്തലിക് കൊട്ടാരത്തിലെ പേപ്പര്‍ ലൈബ്രറിയിലാണ് പ്രധാനമന്ത്രിയും ഫ്രാന്‍സിസ് മാര്‍പാപ്പയും കൂടിക്കാഴ്ച നടത്തിയത്. കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യ നിര്‍മാര്‍ജനം എന്നിവയും ചര്‍ച്ചയായി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും അജിത് ഡോവലും ഒപ്പമുണ്ടായിരുന്നു. വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനും പങ്കെടുത്തു. കൂടിക്കാഴ്ചയില്‍ ഇന്ത്യയിലെ ക്രൈസ്തവരുടെ വിഷയങ്ങള്‍ ചര്‍ച്ചയായതായി സൂചന.
മാര്‍പാപ്പയെ വത്തിക്കാനില്‍ സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. 1955 ജൂണില്‍ ജവാഹര്‍ലാല്‍ നെഹ്റുവാണ് ആദ്യ പ്രധാനമന്ത്രി. 1981 നവംബറില്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഇറ്റലി സന്ദര്‍ശിച്ചപ്പോള്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. 1997 സെപ്റ്റംബറില്‍ പ്രധാനമന്ത്രി ഐ.കെ. ഗുജ്റാളും 2000 ജൂണില്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിയും ജോണ്‍പോള്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റോമിലെത്തിയ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്വല സ്വീകരണമാണ് ഒരുക്കിയത്. മോദിയുടെ വരവ് ദീപാവലി ആഘോഷമാക്കിയ ഇന്ത്യന്‍ സമൂഹം മൂവര്‍ണക്കൊടി വീശി മോദിയുടെ പേരുവിളിച്ചും പാട്ടുപാടി നൃത്തം ചെയ്തും സ്വാഗതമോതി. പിയാസയിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മോദി ഇന്ത്യന്‍ സമൂഹത്തെ കണ്ടത്.
പിന്നീട്, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍, യൂറോപ്യന്‍ കമ്മിഷന് അധ്യക്ഷ ഉര്‍സുല വാന്‍ഡെര്‍ ലെയ്ന്‍ എന്നിവരുമായി മോദി സംയുക്ത ചര്‍ച്ച നടത്തി ഔദ്യോഗിക പരിപാടികള്‍ക്കു തുടക്കം കുറിച്ചു. ഇന്ത്യ യൂറോപ്യന്‍ യൂണിയന് ഉഭയകക്ഷി ബന്ധം, വ്യാപാരം, കോവിഡ് അനന്തര സാമ്പത്തിക പുനരുജ്ജീവനം, അഫ്ഗാന് പ്രശ്നം, പരിസ്ഥിതി പ്രശ്നങ്ങള്‍ തുടങ്ങിയവ നേതാക്കള്‍ ചര്‍ച്ച ചെയ്തു. ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ദ്രാഗി ഉള്‍പ്പെടെ ഒട്ടേറെ ലോകനേതാക്കളുമായി മോദി ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഗ്ലാസ്ഗോയില്‍ നവംബര്‍ 1, 2 തീയതികളില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ (സിഒപി 26) പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി മോദി നാളെ വൈകിട്ട് യാത്ര തിരിക്കും. നവംബര്‍ ഒന്നിന് ഉച്ചകോടിക്കിടെ മോദി ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി- ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച ലോകത്തിനാകെ പ്രത്യാശ പകരുന്നതാണെന്ന് മാര്‍ ബസേലിയോസ് ക്ലീമിസ് ബാവ. കൂടിക്കാഴ്ചയ്ക്ക് നേതൃത്വം നല്കിയ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നതായും ക്ലീമിസ് ബാവ പറഞ്ഞു.
‘രണ്ട് ഭരണാധികാരികള്‍ തമ്മിലുള്ള കൂടിക്കാഴ്ചയെക്കാള്‍ പ്രാധാന്യം ഇതിനുണ്ട്. ലോകജനതയ്ക്ക് നേതൃത്വം നല്കുന്ന ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരി ക്രൈസ്തവ സമൂഹത്തിന്റെ നേതൃസ്ഥാനത്തിരിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുമായി അടുത്തിടപഴകുന്ന ആദ്യ സന്ദര്‍ഭമാണിത്. 2014ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായി ചുമലയേല്ക്കുമ്പോള്, മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. അതിനെല്ലാം വളരെ പോസിറ്റിവായി പ്രതികരിക്കുകയും ഇന്ന് ആ ആഗ്രഹം നടപ്പിലായിരിക്കുകയുമാണ്. മാര്‍പാപ്പ ഇന്ത്യയിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്’. കത്തോലിക്കാ സഭയ്ക്കും ക്രിസ്തീയ സമൂഹത്തിനാകെയും ഈ സന്ദര്‍ശനം സംതൃപ്തി നല്‍കിയെന്നും ക്ലീമിസ് ബാവ പ്രതികരിച്ചു.


