ഇംഫാല്‍: മണിപ്പൂരില്‍ ആറ് ബൂത്തുകളില്‍ റീപോളിംഗ് തുടങ്ങി. രണ്ടാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കവേ സംഘര്‍ഷവും ബൂത്ത് പിടിത്തവുമുണ്ടായ ഔട്ടര്‍ മണിപ്പൂര്‍ ലോക്സഭ മണ്ഡലത്തിലെ ബൂത്തുകളിലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം നാലുമണി വരെയാണ് വോട്ടെടുപ്പ്. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്ന ഇന്നര്‍ മണിപ്പൂര്‍ ലോക്സഭ മണ്ഡലത്തിലെ 11 ബൂത്തുകളിലും സംഘര്‍ഷത്തെ തുടര്‍ന്ന് റീപോളിംഗ് നടത്തിയിരുന്നു. റീ പോളിംഗ് നടക്കുന്ന പശ്ചാത്തലത്തില്‍ ആറ് ബൂത്തുകളിലും കനത്ത സുരക്ഷ ഒരുക്കി.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലും (ഇവിഎം) വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയിലും (വിവിപാറ്റ്) കൃത്രിമം നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് റീ പോളിങ് നടത്തുന്നത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 58(2), 58അ(2) വകുപ്പുകള്‍ പ്രകാരം 2024 ഏപ്രില്‍ 26-ന് ലിസ്റ്റുചെയ്ത 6 പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടെടുപ്പ് നടത്താനാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചത്.