സ്കൂളുകളില്‍ അധ്യാപക നിയമനത്തില്‍ എയ്ഡഡ് മാനേജ്മെന്റുകളുടെ അധികാരത്തിന് നിയന്ത്രണം. ഭിന്നശേഷിക്കാര്‍ക്കുള്ള സ്ഥിരനിയമനം ഇനി മുതല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. എംപ്ലോയ്മെന്റ് ഓഫീസര്‍ നല്കുന്ന പട്ടികയില്‍ നിന്ന് മാത്രമേ നിയമനം നടത്താവൂ. ആദ്യ ഒഴിവുകള്‍ ഭിന്നശേഷിക്കാര്‍ക്കായി നീക്കി വയ്ക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
എയ്ഡഡ് നിയമനങ്ങളില്‍ ഭിന്നശേഷി സംവരണം നിര്‍ബന്ധമാക്കി കൊണ്ടുളള കോടതി ഉത്തരവിന് പിന്നാലെയാണ് സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം. ഭിന്നശേഷിക്കാര്‍ക്ക് എയ്ഡഡ് മാനേജ്മെന്റുകള്‍ സ്വന്തം നിലയ്ക്ക് നടത്തിയിരുന്ന നിയമനങ്ങള്‍ ഇനിമുതല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ആയിരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. നിയമനത്തിനായി എംപ്ലോയ്മെന്റ് ഓഫീസര്‍ക്ക് സ്കൂള്‍ മാനേജ്മെന്റ് അപേക്ഷ നല്‍കണം.
എംപ്ലോയ്മെന്റ് ഓഫീസര്‍ നല്കിയ പട്ടികക്കനുസരിച്ച് മാത്രമേ നിയമനം നല്കാന് പാടുള്ളൂ. നിയമനത്തിന് ശേഷം പട്ടികയും നിയമന പ്രൊപ്പോസലും സര്‍ക്കാരിന് കൈമാറണം. ഇത് പരിശോധിച്ച് ഉറപ്പാക്കിയതിനു ശേഷമാകും നിയമന അംഗീകാരം നല്‍കുക. യോഗ്യരായവരില്ലെങ്കില്‍ ഓഫീസറുടെ നോണ്‍ അവയ്ലബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്ന മുറയ്ക്ക് മാനേജര്‍ പത്രപരസ്യം നല്‍കണം. തുടര്‍ന്നും ഉദ്യോഗാര്‍ഥികളെ ലഭിച്ചില്ലെങ്കില്‍ പിആര്ഡബ്ല്യുഡി ആക്ട് 2016ലെ വ്യവസ്ഥകള്‍ പാലിച്ച് നിയമനം നടത്താം.


