മോദിയുടെ തട്ടകത്തില്‍ ബി.ജെ.പിയെ തുരത്താനുള്ള പടയൊരുക്കത്തിലാണ് ആം ആദ്മി പാര്‍ട്ടി. ഡല്‍ഹിക്കും പഞ്ചാബിനും പിന്നാലെ ഗുജറാത്തിലും ശക്തി തെളിയിക്കാനുള്ള ശ്രമത്തിലാണ് ആപ്. ഗുജറാത്തില്‍ പാര്‍ട്ടി ഇതുവരെ നാലു ഘട്ടമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന് തീരുമാനിച്ചിരുന്നില്ല. അതു തീരുമാനിക്കാനായി ക്യാമ്പയിന് ആരംഭിച്ചിരിക്കുകയാണ് ആം ആദ്മി.
‘നിങ്ങളുടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുക’ എന്ന ക്യാമ്പയിനിലൂടെ ജനങ്ങളാണ് എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ടത്. നവംബര്‍ മൂന്നിന് മുമ്പ് ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ പേര് നിര്‍ദേശിക്കാം. നിര്‍ദേശം അയക്കാന്‍ പ്രത്യേക മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും തയ്യാറാക്കിയിട്ടുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചു. ”ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവയില്‍ നിന്നും അവര്‍ക്ക് മോചനം വേണം. ബി.ജെ.പി ആദ്യം അവരുടെ മുഖ്യമന്ത്രിയെ മാറ്റി. ആദ്യം വിജയ് രൂപാണി ആയിരുന്നു. എന്തുകൊണ്ടാണ് അവര്‍ അദ്ദേഹത്തെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ നിയമിച്ചത്? വിജയ് രൂപാണിക്ക് എന്തോ കുഴപ്പം ഉണ്ടായിരുന്നു എന്നാണോ ഇതിനര്‍ത്ഥം,’ കെജ്രിവാള് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിജയ് രൂപാണിയെ കൊണ്ടുവന്നപ്പോള്‍ പൊതുജനങ്ങളോട് ചോദിച്ചില്ല. ഡല്‍ഹിയില്‍ നിന്നാണ് തീരുമാനിച്ചത്. ജനാധിപത്യത്തില്‍ മുഖ്യമന്ത്രി ആരാകണമെന്ന് ജനങ്ങളാണ് തീരുമാനിക്കുന്നത്. 2016ലും 2021ലും ബി.ജെ.പി അതു ചോദിച്ചില്ലെന്ന് കെജ്രിവാള് കൂട്ടിച്ചേര്‍ത്തു.
6357000360 എന്ന നമ്പര്‍ മുഖേന പൊതുജനങ്ങള്‍ക്ക് പേര് നിര്‍ദേശിക്കാം. ഈ നമ്പറില്‍ എസ്.എം.എസ് അല്ലെങ്കില്‍ വാട്ട്സാപ്പ് സന്ദേശം അയയ്ക്കുകയോ വോയ്സ് സന്ദേശം അയയ്ക്കുകയോ ചെയ്യാം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുടെ പേര് aapnocm@gmail.com എന്ന ഇമെയില്‍ വഴിയും നിര്‍ദേശിക്കാം. ഈ നമ്പര്‍ നവംബര്‍ 3 ന് വൈകുന്നേരം 5 മണി വരെ പ്രവര്‍ത്തനക്ഷമമായിരിക്കും. ഫലങ്ങള്‍ നവംബര്‍ 4 ന് പൊതുജനങ്ങളെ അറിയിക്കുമെന്നും കെജ്രിവാള് പറഞ്ഞു.
182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനമാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.


