ചെറിയാന് ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് വരുന്നതില്‍ സന്തോഷമെന്ന് മുതിര്‍ന്ന നേതാവ് എ കെ ആന്റണി. ചെറിയാന് ഫിലിപ്പിന്റെ പദവിയെ കുറിച്ച് പാര്‍ട്ടി തീരുമാനമെടുക്കും. രണ്ട് പതിറ്റാണ്ടുകാലം ഒപ്പം നിന്നിട്ടും ചെറിയാന് ഫിലിപ്പ് സിപിഐഎം അംഗത്വമെടുത്തില്ലെന്നും അദ്ദേഹത്തിന്റെ തിരിച്ചു വരവ് പാര്‍ട്ടിക്കും അണികള്‍ക്കും കൂടുതല്‍ ആവേശം പകരുമെന്നും എ കെ ആന്റണി പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വന്ന ഉടനെ ആര്‍ക്കും പദവികള്‍ കിട്ടില്ല. ചെറിയാന് രാജ്യസഭാ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല. ആന്റണിയുടെ സീറ്റ് ചെറിയാന് നല്‍കുമോ എന്ന ചോദ്യത്തിനാണ് മറുപടി. അങ്ങനെ ചെറിയാനും ആഗ്രഹിക്കുമെന്ന് കരുതുന്നില്ല. സ്ഥാനമാനങ്ങള്‍ തീരുമാനിക്കേണ്ടത് കെപിസിസി പ്രസിഡന്റാണ്. അദ്ദേഹത്തിന്റെ വരവ് അണികള്‍ക്ക് ആവേശം ഉണ്ടാക്കും. ആദ്യകാലത്ത് പിണക്കമുണ്ടായി, പരിഭവങ്ങള്‍ പിന്നീട് പറഞ്ഞു തീര്‍ത്തുവെന്നും ആന്റണി പറഞ്ഞു.
ചെറിയാന് ഫിലിപ്പ് കോണ്‍ഗ്രസില്‍ ചേരുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പ് നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു എകെ ആന്റണിയുടെ പ്രതികരണം. ‘ചെറിയാന് ഫിലിപ്പ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് പോയെങ്കിലും ആദ്യരണ്ടു മൂന്നു വര്‍ഷത്തിനുള്ളില്‍ തന്നെ വ്യക്തിബന്ധം പഴയ നിലയിലായി. അദ്ദേഹം തിരിച്ച് പാര്‍ട്ടിയിലേക്ക് വരുന്നതില്‍ സന്തോഷമുണ്ട്.
സിപിഐഎമ്മില്‍ നിരവധി അവസരങ്ങള്‍ വന്നിട്ടും ചെറിയാന് ഫിലിപ്പിന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അംഗത്വം എടുത്തിട്ടില്ല. 20 വര്‍ഷക്കാലം സിപിഐഎമ്മില്‍ മുതിര്‍ന്ന നേതാക്കളുമായും ഇടപെട്ടു. പക്ഷേ ആകെ കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് മാത്രമാണ് എടുത്തത്. അക്കാര്യം വര്‍ഷങ്ങളായി കണ്ടു കൊണ്ടിരിക്കുകയാണ്’. എകെ ആന്റണി പറഞ്ഞു.
ചെറിയാന് ഫിലിപ്പ് കോണ്‍ഗ്രസ് വിട്ട സമയത്ത് ഒരു ആഘാതമായിരുന്നു. അക്കാലത്ത് അദ്ദേഹത്തോട് ചെറിയ പരിഭവങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഏതാനും നാളുകള്‍ക്കകം അതുമാറി. പിന്നീട് ചെറിയാന് തന്നെ വീട്ടില്‍ വന്ന് കാണാറുണ്ടായിരുന്നു. ചെറിയാനുമായി മഞ്ഞുരുക്കം 17 വര്‍ഷത്തിനു മുമ്പേ കഴിഞ്ഞതാണ്. ചെറിയാന് ഫിലിപ്പിന്റെ തിരിച്ചു വരവില്‍ സന്തോഷമുണ്ടെന്ന് എകെ ആന്റണി പറഞ്ഞു. െ
കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ ചെറിയാന് ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് പോകുമെന്ന വാര്‍ത്തകളും അഭ്യൂഹങ്ങളും നിലനില്‍ക്കുന്നതിനിടെയാണ് എ കെ ആന്റണിയുമായുള്ള കൂടിക്കാഴ്ചയും കോണ്‍ഗ്രസ് പ്രവേശനവും. ഉമ്മന്‍ചാണ്ടിയുമായി ചെറിയാന് ഫിലിപ്പ് വേദി പങ്കിടുകയും ചെയ്തിരുന്നു.


