സിപിഐഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണന് വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ചെന്നൈയിലേക്ക് പോകും. ഉച്ചതിരിഞ്ഞ് വിമാന മാര്‍ഗമാണ് ചെന്നൈയിലേക്ക് തിരിക്കുക. അപ്പോളോ ആശുപത്രിയിലാണ് വിദഗ്ധ ചികില്‍സ. ഇന്നലെ ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാരെത്തി കോടിയേരിയെ പരിശോധിച്ചിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് വിദഗ്ധ ചികില്‍സയ്ക്കായി അദ്ദേഹം ചെന്നൈയിലേക്ക് പോകുന്നത്.
അനാരോഗ്യം മൂലം നേരത്തെ തന്നെ സ്ഥാനമൊഴിയാന്‍ കോടിയേരി സന്നദ്ധത അറിയിച്ചിരുന്നു. അവധി പോരേയെന്ന് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും സ്ഥാനമൊഴിയാമെന്ന് കോടിയേരി അറിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കോടിയേരിക്ക് പകരം എംവി ഗോവിന്ദന് മാസ്റ്ററാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റിരിക്കുന്നത്.
ചുമതല നിര്‍വഹിക്കാന്‍ കോടിയേരി ബാലകൃഷ്ണന് കഴിയാത്ത സാഹചര്യത്തില്‍ എംവി ഗോവിന്ദനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തുവെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, എംഎ ബേബി എന്നിവര്‍ ഞായറാഴ്ച കോടിയേരിയെ എകെജി സെന്ററിന് മുന്നിലെ വീട്ടിലെത്തി കണ്ടിരുന്നു. സെക്രട്ടേറിയറ്റില്‍ എടുത്ത തീരുമാനം കോടിയേരിയെ അറിയിക്കാനായിരുന്നു കൂടിക്കാഴ്ച. മികച്ച സഖാവാണ് കോടിയേരി ബാലകൃഷ്ണന്.
തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ആരോഗ്യം നോക്കാതെ സജീവമായാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നും ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യമാണ് പ്രധാനമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.